| Tuesday, 22nd June 2021, 7:07 pm

ബി.ജെ.പിക്കൊപ്പം നിന്നത് വെറുതെ ആയിപ്പോയെന്ന് ചിരാഗ്; തര്‍ക്കമൊഴിയാതെ എല്‍.ജെ.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ മൗനം വേദനിപ്പിക്കുന്നതെന്ന് എല്‍.ജെ.പി. നേതാവ് ചിരാഗ് പാസ്വാന്‍. എല്‍.ജെ.പിക്കകത്ത് ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ചിരാഗിന്റെ പ്രതികരണം.

താനും തന്റെ പിതാവ് രാം വിലാസ് പാസ്വാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമൊപ്പം പാറപോലെ നിന്നിരുന്നുവെന്നും എന്നാല്‍ ഈ ദുഷ്‌കരമായ സമയങ്ങളില്‍ ബി.ജെ.പി. കൂടെ നിന്നില്ലെന്നും പാസ്വാന്‍ പറഞ്ഞു.

പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നത രൂപപ്പെട്ടതിനെത്തുടര്‍ന്ന് ചിരാഗ് പാസ്വാനെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിമതര്‍ പുറത്താക്കിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ചിരാഗ് പാസ്വാനെ നീക്കം ചെയ്യുന്നുവെന്നായിരുന്നു വിമത എം.പിമാര്‍ പറഞ്ഞത്. എല്‍.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്നു ചിരാഗ് പാസ്വാന്‍. ഇതിനുപിന്നാലെ പശുപതി പരസ് അടക്കം അഞ്ചു വിമത എം.പിമാരെ ചിരാഗ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് വാര്‍ത്തയായിരുന്നു.

ഇതോടെ ചിരാഗ് ഒഴികെയുള്ള പാര്‍ട്ടിയുടെ എം.പിമാര്‍ ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. സൂരജ് ഭാനെയാണ് പാര്‍ട്ടിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി വിമതര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

പാര്‍ട്ടിയിലെ അഞ്ച് എം.പിമാര്‍ ഞായറാഴ്ച ലോക്‌സഭാ സ്പീക്കറെക്കണ്ട് ചിരാഗിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് നീക്കിയതായും പകരം പരസിനെ നിയമിച്ചതായും അറിയിച്ചിരുന്നു. അലി കൈസറാണ് ഉപനേതാവ്.

ഇതിനിടെ പശുപതിയെ അനുനയിപ്പിക്കാന്‍ ചിരാഗ് പാസ്വാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസം ഉച്ചയോടെ ദല്‍ഹിയിലെ പശുപതിയുടെ വസതിയിലേക്ക് ചിരാഗ് ചെന്നിരുന്നു.
കാറിലെത്തിയ ചിരാഗ് വീടിന് പുറത്ത് കാത്തിരുന്നു. പശുപതിയോ പ്രിന്‍സ് രാജോ ചിരാഗിനെ വീട്ടിലേക്ക് ക്ഷണിച്ചില്ല. 1.45 മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ചിരാഗ് മടങ്ങിയത്.

ബീഹാര്‍ തെരഞ്ഞെുപ്പ് ഫലം വന്നതിന് ശേഷം ഇവരെല്ലാം ചിരാഗിന്റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നേരത്തെ മുന്‍ എല്‍.ജെ.പി. നേതാവ് കേശവ് സിംഗ്, ചിരാഗ് പാസ്വാനെതിരെ കേസ് നല്‍കിയിരുന്നു.

കേശവ് സിംഗ് പിന്നീട് ജെ.ഡി.യുവില്‍ ചേര്‍ന്നു. നേരത്തെ നേതാക്കളും പ്രവര്‍ത്തകരുമായി 200 ലേറെ പേര്‍ എല്‍.ജെ.പി. വിട്ട് ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി സ്ഥാപകന്‍ രാം വിലാസ് പാസ്വാന്റെ മരണത്തിന് ശേഷമാണ് എല്‍.ജെ.പിയില്‍ ഭിന്നത രൂക്ഷമായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: BJP’s Silence Hurts, Relationship Cannot Remain One-Sided: Chirag Paswan

We use cookies to give you the best possible experience. Learn more