ലക്‌നൗ: ബുര്‍ഖ ധരിച്ച് വോട്ടു ചെയ്യാനെത്തുന്ന വോട്ടര്‍മാരുടെ മുഖം പരിശോധിക്കണമെന്ന് മുസഫര്‍ നഗറിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ഡോ. സഞ്ജീവ് ബാല്യണ്‍. മുഖം പരിശോധിച്ചില്ലെങ്കില്‍ താന്‍ റീ പോള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
‘ബുര്‍ഖ ധരിച്ച സ്ത്രീകളുടെ മുഖം പരിശോധിക്കുന്നില്ല. കള്ള വോട്ട് ചെയ്യുന്നുണ്ടെന്നാണ് എന്റെ ആരോപണം.’ എന്നും അദ്ദേഹം പറഞ്ഞു.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
അസമിലും ഒഡീഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്ന് നടക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ 45 സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകള്‍. ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍ പ്രദേശിലെ 80ല്‍ എട്ട് സീറ്റുകളില്‍ ഇന്ന് പോളിങ് നടക്കും.