'കേരളത്തിലും ഇതേ ട്രെന്‍ഡ് ആവര്‍ത്തിക്കും!'; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് സന്ദീപ് വാര്യര്‍
Kerala News
'കേരളത്തിലും ഇതേ ട്രെന്‍ഡ് ആവര്‍ത്തിക്കും!'; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th December 2020, 4:22 pm

പാലക്കാട്: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ അധികാരത്തില്‍ വരുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ഗ്രേറ്റര്‍ ഹൈദരാബാദിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റ മുണ്ടാക്കിയിട്ടുണ്ടെന്നും ആ മുന്നേറ്റം കേരളത്തിലും പ്രതിഫലിക്കുമെന്നുമാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹൈദരാബാദ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ചരിത്ര വിജയമാണ് നേടുന്നതെന്നും 150ല്‍ 80ലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി.

ഹൈദരാബാദില്‍ 52 ശതമാനം മാത്രമാണ് ഹിന്ദു ജനസംഖ്യയെന്നും കേരളത്തില്‍ സമാനമായ ജനസംഖ്യയുള്ളതിനാല്‍ ഇതേ ട്രെന്‍ഡ് ആണ് ആവര്‍ത്തിക്കാന്‍ പോകുന്നതെന്നുമാണ് സന്ദീപ് പറഞ്ഞത്.

നേരത്തെ ബി.ജെ.പിക്ക് ലീഡ് ഉണ്ടായിരുന്നെങ്കിലും വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ 36 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. തെലങ്കാന രാഷ്ട്രസമിതിയാണ് (ടി.ആര്‍.എസ്) ആണ് മുന്നില്‍. 70 സീറ്റുകളിലാണ് ടിആര്‍എസ് മുന്നിട്ട് നില്‍ക്കുന്നത്. ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എം 42 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ദക്ഷിണേന്ത്യയും കാവിയണിയുന്നു. ഗ്രേറ്റര്‍ ഹൈദ്രാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലാണ് ബിജെപി ചരിത്ര വിജയം നേടുന്നത്. 150 സീറ്റുകളില്‍ 80 ലും ബിജെപി ലീഡാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 2 സീറ്റില്‍ നിന്നാണ് ഈ മുന്നേറ്റം.

ബി.ജെ.പി വിരുദ്ധരുടെ പ്രത്യേക ശ്രദ്ധക്ക്

തെരഞ്ഞെടുപ്പ് നടന്നത് പൂര്‍ണ്ണമായും പേപ്പര്‍ ബാലറ്റിലായിരുന്നു
തെലങ്കാന സര്‍ക്കാര്‍ നിയമിച്ച സംസ്ഥാന ഇലക്ഷന്‍ കമ്മീഷനാണ് തെരഞ്ഞെടുപ്പ് നടത്തിയത്
ഹൈദ്രാബാദില്‍ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് (കേരളത്തിന് ഏകദേശം സമാനം )
അതായത് … കേരളത്തിലും ആവര്‍ത്തിക്കാന്‍ പോകുന്നത് ഇതേ ട്രെന്‍ഡാണ്.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും എന്‍ഡിഎ ഭരണത്തില്‍ വരും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP’s Sandeep Warrier says that same trend will reflect in Kerala as BJP lead in in Hyderabad election