ഗോവയില്‍ അര്‍ധരാത്രി വരെ നീണ്ട നാടകീയത; ഒടുവില്‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു
national news
ഗോവയില്‍ അര്‍ധരാത്രി വരെ നീണ്ട നാടകീയത; ഒടുവില്‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2019, 7:50 am

പനാജി: മനോഹര്‍ പരീക്കറുടെ മരണത്തോടെ ഭരണ പ്രതിസന്ധി നേരിട്ട ഗോവയില്‍ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. അര്‍ധരാത്രിവരെ നീണ്ട നാടകീയതയ്ക്കു ശേഷമായിരുന്നു സാവന്തിന്റെ സത്യപ്രതിജ്ഞ. രാജ്ഭവനില്‍ പുലര്‍ച്ചെ രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എം.എല്‍.എ. സുദിന്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

രാത്രി 12 മണിക്കാണ് ബി.ജെ.പി നേതാക്കള്‍ ഭൂരിപക്ഷം തെളിയിച്ചുള്ള എം.എല്‍.എമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ രാജ്ഭവനില്‍ എത്തിയിരുന്നു. ഘടകകക്ഷി നേതാക്കളുമായും പാര്‍ട്ടി നേതാക്കളുമായും ഗഡ്കരി തിങ്കളാഴ്ച രാത്രി തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടെ സ്പീക്കറായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി പദത്തില്‍ ഉറപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

Read Also : 30 ദിവസത്തേക്ക് ബാന്‍ ചെയ്ത ധ്രുവ് റാഠിയുടെ പേജ് മണിക്കൂറുകള്‍ക്കകം തിരിച്ചുനല്‍കി ഫേസ്ബുക്ക്; ഒപ്പം മാപ്പപേക്ഷയും

അതേസമയം, ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പരീക്കറുടെ നിര്യാണത്തോടെ ഗോവ നിയമസഭയുടെ അംഗബലം 36 ആയി ചുരുങ്ങി. കോണ്‍ഗ്രസിന് 14 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 12 പേരുണ്ട്. എം.ജി.പിക്കും ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും മൂന്ന് അംഗങ്ങള്‍ വീതമുണ്ട്. ഒരു സ്വതന്ത്രനും എന്‍സിപി എംഎല്‍എയും ബിജെപിയെ പിന്തുണയ്ക്കുന്നു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരണപ്പെട്ടതിന് പിന്നാലെ ഭൂരിപക്ഷമില്ലെങ്കിലും അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നതിനിടെയായിരുന്നു പ്രമോദ് സാവന്തിനെ നിര്‍ദ്ദേശിക്കുന്നത്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സ്പീക്കര്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവര്‍ മുന്നോട്ട് വന്നിരുന്നു.

ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മറ്റ് ബി.ജെ.പി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.