അമൃത്സര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള പോരാട്ടം പഞ്ചാബില്‍ മാത്രം ഒതുങ്ങില്ലെന്ന് എ.ഐ.കെ.എസ്.സി.സി ദേശീയ കണ്‍വീനര്‍ വി.എം സിംഗ്.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നുമാസത്തോളമായി കര്‍ഷകര്‍ റോഡുകളിലാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും കര്‍ഷകര്‍ക്ക് നേരെ മുഖം തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 99 വര്‍ഷം ഇന്ത്യ ഭരിക്കാമെന്ന ഉടമ്പടിയുമായി അല്ലല്ലോ ബി.ജെ.പി വന്നിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
” 99 വര്‍ഷത്തേക്ക് ഇന്ത്യയെ പാട്ടത്തിന് എടുത്തിട്ടല്ല അവര്‍ ഇവിടെ വന്നിട്ടുള്ളത് എന്ന് ഞങ്ങള്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് ഈ രാജ്യത്തെ കര്‍ഷകര്‍ക്കൊപ്പം ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ 2024 ല്‍ അധികാരത്തില്‍ നിന്ന് പുറത്താകും. പ്രതിഷേധിക്കുന്നത് കര്‍ഷകരല്ല മറിച്ച് ഇത് കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്ത പ്രതിഷേധമാണെന്നും നമ്മുടെ പ്രധാനമന്ത്രി പറയുമ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി,”
അദ്ദേഹം പറഞ്ഞു.
മോദിയുടെ പ്രസ്താവന വിശ്വസിക്കാന്‍ വളരെ പ്രയാസമാണെന്നും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച പാര്‍ട്ടിക്ക് കുറ്റപ്പെടുത്തല്‍ ഒഴികെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും എ.ഐ.കെ.എസ്.സി ദേശീയ കണ്‍വീനര്‍ പറഞ്ഞു.
കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലുകളില്‍ ഒപ്പുവെച്ച് നിയമമാക്കുകയായിരുന്നു.
ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു.
കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തിയിരുന്നു.
സെപ്തംബര്‍ 20 നാണ് രാജ്യസഭയില്‍ കാര്‍ഷികബില്ല് പാസാക്കിയത്. ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നിവ പാസാക്കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Farmers against BJP and PM Modi, will be out of Power in 2024 election