ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതില്‍ വിരണ്ട് ബി.ജെ.പി നേതൃത്വം. കര്‍ഷകര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെ കാര്‍ഷിക നിയമങ്ങളില്‍ രാജ്യത്തെമ്പാടും വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു.
700 ലധികം വാര്‍ത്താസമ്മേളനങ്ങളും 100 വിശദീകരണയോഗങ്ങളുമാണ് ബി.ജെ.പി സംഘടിപ്പിക്കുക. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ‘ബോധവാന്‍മാരാക്കുമെന്ന്’ ബി.ജെ.പി അറിയിച്ചു.
718 ജില്ലകളില്‍ ബി.ജെ.പി നേതാക്കള്‍ കാര്‍ഷികനിയമങ്ങളെ വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തും. വിവിധ സംസ്ഥാനങ്ങളിലായി വിശദീകരണയോഗത്തിനായി കിസാന്‍ സമ്മേളനങ്ങള്‍ നടത്തും. ഇവയുടെ തിയതി പിന്നീട് അറിയിക്കും.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ഹരജിയില്‍ പറയുന്നു.
അതേസമയം, കര്‍ഷക പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുമ്പോഴും നിയമം പിന്‍വലിക്കില്ലെന്ന പിടിവാശിയിലാണ് കേന്ദ്രസര്‍ക്കാര്‍.
കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഒരു നിയമവും പൂര്‍ണമായി കര്‍ഷകരെ ബാധിക്കുന്നതല്ലെന്നുമാണ് കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യാഴാഴ്ച പറഞ്ഞത്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയുന്ന ഭേദഗതി മാത്രം ചര്‍ച്ചയ്‌ക്കെടുക്കാമെന്നാണ് തോമര്‍ പറഞ്ഞിരിക്കുന്നത്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്തുകൊണ്ടാണ് കര്‍ഷകരോട് ആലോചിക്കാത്തതെന്ന് തങ്ങള്‍ അമിത് ഷായോട് ചോദിച്ചപ്പോള്‍ ചില തെറ്റുകള്‍ സംഭവിച്ചതായി അമിത് ഷാ സമ്മതിച്ചെന്ന് കര്‍ഷക സംഘ നേതാവ് ശിവ് കുമാര്‍ കാക്ക പറഞ്ഞിരുന്നു.
കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കര്‍ഷകര്‍ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം.
ഡിസംബര്‍ 12ന് ദല്‍ഹി- ജയ്പൂര്‍, ദല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക