assembly elections
ബി.ജെ.പിയുടെ പങ്കജ മുണ്ടെയ്ക്ക് കനത്ത തോല്‍വി; വിധിയില്‍ അലറിക്കരഞ്ഞ് വോട്ടണ്ണലിന് മുമ്പേ താനാണ് മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ച പങ്കജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 24, 01:08 pm
Thursday, 24th October 2019, 6:38 pm

മഹാരാഷ്ട്രയില്‍ വോട്ടെണ്ണലിനെ മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുയര്‍ത്തിയ ബി.ജെ.പിയുടെ പങ്കജ മുണ്ടെ നേരിട്ടത് കനത്ത പരാജയം. പാര്‍ലി മണ്ടെലത്തില്‍ ബന്ധുകൂടിയായ എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ടെയാണ് പങ്കജയെ പരാജയപ്പെടുത്തിയത്.

പരാജയം തിരിച്ചറിഞ്ഞതിന് പിന്നാലെ പങ്കജ മുണ്ടെ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കജെയ്ക്കുവേണ്ടി പ്രചരണത്തിനെത്തിയിരുന്നു.

നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് ധനഞ്ജയ് മുണ്ടെ. ഏറെ നാളത്തെ കഠിന ശ്രമങ്ങള്‍ക്കൊടുവിലാണ് പാര്‍ലി ധനഞ്ജയ്ക്ക് അനുകൂലമായി വിധിയെഴുതുന്നത്.

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പേതന്നെ താനാണ് മുഖ്യമന്ത്രി സ്ഥാനത്തെത്തുകയെന്ന് പങ്കജ പറഞ്ഞിരുന്നു. ‘അതെ, മുഖ്യമന്ത്രി സ്ഥാനത്തിനുള്ള നോമിനി ഞാനാണ്. പാര്‍ട്ടി ഈ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്.” പങ്കജ മുണ്ടെ പറഞ്ഞതിങ്ങനെ.

താനാണ് ബി.ജെ.പിയുടെ ”യഥാര്‍ത്ഥ ജനപ്രിയ നേതാവ്” എന്നും മറ്റുള്ളവരെല്ലാം ”മെട്രോ നേതാക്കളാ”ണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബീഡിലെ മുണ്ടെയുടെ നിയോജക മണ്ഡലമായ പാര്‍ലിയില്‍ തിരഞ്ഞെടുപ്പ് കാമ്പെയ്നിന് ശേഷം മുംബൈയിലെത്തിയതായിരുന്നു മുണ്ടെ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത് ദേവേന്ദ്ര ഫദ്നാവിസ്, എക്നാത് ഖാദ്സെ, വിനോദ് തോഡെ, പങ്കജ, സുധിര്‍ മുന്‍ഗന്ധിവാര്‍ എന്നിവരുടെ പേരുകളാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പങ്കജയ്ക്ക് പരിചയം കുറവല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അവര്‍ക്ക് മറുപടിയുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നവരില്‍ എക്നാത് ഖാദ്സെയ്ക്ക് മാത്രമാണ് മുന്‍പരിചയം അവകാശപ്പെടാനുള്ളത്. ശിവസേന-ബി.ജെ.പി മന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയായിരുന്നു. മറ്റൊരാള്‍ക്കും പരിചയം അവകാശപ്പെടാനാവില്ലെന്നും പങ്കജ പറഞ്ഞിരുന്നു.

മഹാരാഷ്ട്ര ജനതയെ മുഴുവന്‍ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവായിരുന്നു തന്റെ പിതാവ് ഗോപിനാഥ് മുണ്ടെയെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് നിര്‍ദേശിക്കപ്പെട്ട മറ്റെല്ലാ നേതാക്കളും അതത് മണ്ഡലങ്ങളില്‍ മാത്രം പ്രവര്‍ത്തനം ഒതുക്കുകയാണ്. എന്നാല്‍ താന്‍ അടിവേര് മുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാണ് എല്ലായ്പ്പോഴും ശ്രമിക്കുന്നത്. അവര്‍ തന്നേക്കാള്‍ സീനിയര്‍മാരാണെന്ന് സമ്മതിക്കുന്നു. എന്നാല്‍ താന്‍ ഒരുപ്രാവശ്യം എം.എല്‍.എ മാത്രം ആയ ആളല്ല. ബി.ജെ.പിയുടെ യുവജന പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുകയും സംസ്ഥാനം മുഴുവന്‍ റാലി സംഘടിപ്പിക്കുകയും ചെയ്തയാളാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുണ്ടെ മരിച്ചതിന് ശേഷം മാത്രമാണ് ഈ നേതാക്കളെല്ലാം മഹാരാഷ്ട്രയിലെ നേതൃനിരയിലേക്ക് വന്നത്. മുണ്ടെ ഏറ്റവും മുകളില്‍ വന്നിരുന്നെങ്കില്‍ ഇവരെല്ലാം എട്ടും ഒമ്പതും സ്ഥാനത്താവുമായിരുന്നെന്നും പങ്കജ കൂട്ടിച്ചേര്‍ത്തു.