| Friday, 4th December 2020, 4:37 pm

ബി.ജെ.പിയുടെ ലീഡ് കുത്തനെ ഇടിയും; ഹൈദരാബാദ് തങ്ങള്‍ക്കൊപ്പമെന്ന് ടി.ആര്‍.എസ്; എ.ഐ.എം.ഐ.എമ്മിനും മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെലങ്കാന: ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ലീഡ് ഇനിയും ഇടിയുമെന്നും ഭൂരിഭാഗം സീറ്റുകളിലും ടി.ആര്‍.എസ് വിജയിച്ചുകഴിഞ്ഞെന്നും ടി.ആര്‍.എസ് നേതാവ് കെ. കവിത.

രണ്ട് മൂന്ന് മണിക്കൂറിനകം കൃത്യം ചിത്രം പുറത്തുവരുമെന്നും ടി.ആര്‍.എസിന് വന്‍പിന്തുണ തന്നെയാണ് ജനങ്ങള്‍ നല്‍കിയതെന്നും കെ. കവിത പറഞ്ഞു.

” ഭൂരിഭാഗം സീറ്റുകളിലും ടി.ആര്‍.എസ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പേപ്പര്‍ ബാലറ്റ് ആയതുകൊണ്ട് തന്നെ മൂന്ന് നാല് മണിക്കൂറിനകം ചിത്രം തെളിയും. ബി.ജെ.പിയുടെ ലീഡ് ഇനിയും താഴോട്ട് ഇടിയുമെന്നാണ് വിശ്വസിക്കുന്നത്. ടി.ആര്‍.എസ് ലീഡ് നില ഉയര്‍ത്തും”, കെ. കവിത പറഞ്ഞു.

70 ഇടങ്ങളില്‍ വന്‍ മുന്നേറ്റമാണ് ടി.ആര്‍.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. 36 ഇടത്തുമാത്രമാണ് ബി.ജെ.പിയുടെ ലീഡ്. 42 വാര്‍ഡുകളില്‍ എ.ഐ.എം.ഐ.എമ്മും മുന്നേറുന്നുണ്ട്. ബി.ജെ.പിയും എ.ഐ.എം.ഐ.എമ്മും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

50 വാര്‍ഡുകളിലാണ് എ.ഐ.എം.ഐ.എം മത്സരിക്കുന്നത്. അതേസമയം ടി.ആര്‍.എസിന്റെ ഓഫീസുകളില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം ആരംഭിച്ചിട്ടുണ്ട്.

150 വാര്‍ഡുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 മണ്ഡലങ്ങള്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നതാണ്. 2016 ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99 ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്കും, ബി.ജെ.പിക്കും, അസദുദ്ദിന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം (ആള്‍ ഇന്ത്യ മജ്‌ലിസ് -ഇ-ഇത്തേഹാദുല്‍) പാര്‍ട്ടിക്കും നിര്‍ണായകമാണ് ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ വിധി.

ദേശീയ നേതാക്കളെ ഉള്‍പ്പെടെ അണിനിരത്തിയാണ് ബി.ജെ.പി ക്യാമ്പയിന് നേതൃത്വം നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ പ്രചരണ പരിപാടിയുടെ ഭാഗമായി ഹൈദരാബാദ് എത്തിയിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഹൈദരാബാദിലെ പരമ്പരാഗത പ്രദേശങ്ങളിലെ റോഹിങ്ക്യന്‍ മുസ്ലിങ്ങളെയും പാകിസ്താനികളെയും കണ്ടെത്താന്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്നായിരുന്നു ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

പ്രചരണത്തിനായി യു.പിയില്‍ നിന്നെത്തിയ ആദിത്യനാഥ് ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്നും പ്രഖ്യാപിച്ചു. തെലങ്കാനയിലെ നൈസാം വാഴ്ച അവസാനിപ്പിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP’s numbers will further decline, TRS will win most seats: K Kavitha

We use cookies to give you the best possible experience. Learn more