ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം തെലങ്കാനയാണെന്ന് ശിവരാജ് സിങ് ചൗഹാന്‍
ഹൈദരാബാദ്: 2023 തെരഞ്ഞെടുപ്പില്‍ തെലങ്കാന സംസ്ഥാനത്തിന്റെ ഭരണം ബി.ജെ.പിയുടെ കൈകളിലാവുമെന്ന് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാന്‍. ഇപ്പോള്‍ നാല് സീറ്റ് കിട്ടി, ഇനി പതിനേഴും പിടിച്ചെടുക്കും, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തെലങ്കാനയിലെയും ബംഗാളിലെയും ജയം ബി.ജെ.പിയ്ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
20 ശതമാനം വോട്ടുകള്‍ നല്‍കിയതിന് തെലങ്കാനയിലെ ജനങ്ങളോട് ഞാന്‍ നന്ദി പറയുകയാണ്. പക്ഷെ ഈ ജയത്തില്‍ ഞങ്ങള്‍ സംതൃപ്തരല്ല, ബി.ജെ.പി സര്‍ക്കാരില്ലാത്ത സംസ്ഥാനങ്ങളിലെല്ലാം ഭരണത്തില്‍ വരാന്‍ ശ്രമിയ്ക്കും. ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ നാല് സ്ഥലത്ത് ബി.ജെ.പി ജയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് മാത്രമാണ് ബി.ജെ.പിയ്ക്ക് ലഭിച്ചിരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയ്‌ക്കെതിരായ നിലപാട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു കടുപ്പിച്ചിരുന്നു. മോദി ഫാസിസ്റ്റാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു.
രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും നിതി ആയോഗ് യോഗത്തിലും റാവു പങ്കെടുത്തിരുന്നില്ല.