ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനസമ്പര്‍ക്ക പരിപാടിക്കിടെ വോട്ടറുടെ ചോദ്യത്തിന് മുന്‍പില്‍ ഉത്തരംമുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി. പശ്ചിമ ദല്‍ഹിയിലെ സ്താനാര്‍ത്തിയായ പര്‍വേഷ് സാഹിബാണ് അഞ്ച് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ എന്തുചെയ്‌തെന്ന വോട്ടറുടെ ചോദ്യത്തിന് മുന്‍പില്‍ പതറിയത്.
സ്വന്തം മണ്ഡലത്തില്‍ വോട്ടമാരുമായി കൂടിക്കാഴ്ചക്കെത്തിയ ഇദ്ദേഹം ഓരോരുത്തരുടേയും ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. ചെറിയ വേദിയില്‍ കയറി നിന്നുകൊണ്ടായിരുന്നു സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ അഭിസംബോധന ചെയ്തത്. ചുറ്റും ക്യാമറകളും ഉണ്ടായിരുന്നു.
സ്ഥാനാര്‍ത്ഥി പര്‍വേഷ് സാഹിബ് സംസാരിച്ചുകൊണ്ടിരിക്കെ വോട്ടര്‍മാരില്‍ ഒരാള്‍ എഴുന്നേറ്റ് നിന്ന് താങ്കള്‍ അഞ്ച് വര്‍ഷം കൊണ്ട് ഈ മണ്ഡലത്തില്‍ എന്ത് കാര്യമാണ് ചെയ്തതെന്ന് ചോദിച്ചു. ഈ ചോദ്യം കേട്ടതോടെ പര്‍വേഷ് ഒന്ന് അമ്പരന്നു.
മറുപടി ഇല്ലാതായതോടെ മറ്റ് എന്തെല്ലാമോ പറഞ്ഞ് അദ്ദേഹം വിഷയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചു. ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്ന് വോട്ടര്‍ ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം വേദിയില്‍ നിന്ന് കൂടിനിന്ന ആളുകളോട് ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട് എല്ലാവരും ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയും ചെയ്തു.
ആം ആദ്മി നേതാവായ സൗരഭ് ഭരദ്വാജ് പ്രസ്തുത വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ചോദ്യത്തിന് ഉത്തരം മുട്ടിയപ്പോള്‍ ഭാരത് മാതാ കീ ജയ് വിളിച്ച് തടിതപ്പുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞാണ് അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തത്. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം മുട്ടുമ്പോള്‍ ദേശീയതയെ കൂട്ടുപിടിച്ച് രക്ഷപ്പെടുകയാണ് ബി.ജെ.പിക്കാര്‍ എന്നും ചിലര്‍ ട്വിറ്ററില്‍ പരിഹസിക്കുന്നു.
‘യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ ദേശീയതയെ കുറിച്ച് പറയും. കാരണം അവര്‍ക്ക് പറയാന്‍ മറ്റൊന്നുമില്ല. ഒരു വികസനവും ഉയര്‍ത്തിക്കാണിക്കാന്‍ ഇല്ല’- എന്നായിരുന്നു ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത്.
ദേശസ്‌നേഹം തെമ്മാടികളുടെ അവസാനത്തെ അഭയമാണെന്നാണ് ഈ വീഡിയോ വ്യക്തമാക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് യൂട്യൂബറായ ധ്രുവ് റാഠി പ്രസ്തുത വീഡിയോ ഷെയര്‍ ചെയ്തത്.
ഇത് ആദ്യമായല്ല ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനായി ബി.ജെ.പി നേതാക്കള്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത്.
അടുത്തിടെ ചണ്ഡീഗഡില്‍ ഭാര്യയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ ബോളിവുഡ് താരം അനുപം ഖേറിനോട് ഭാര്യക്കെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു അദ്ദേഹം.