തൃണമൂലിലെ 143 നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കും:അവകാശ വാദവുമായി ബി.ജെ.പി നേതാവ് മുകുള്‍ റോയ്
D' Election 2019
തൃണമൂലിലെ 143 നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കും:അവകാശ വാദവുമായി ബി.ജെ.പി നേതാവ് മുകുള്‍ റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2019, 4:25 pm

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ അസംതൃപ്തരായ 143 നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന അവകാശ വാദവുമായി ബി.ജെ.പി നേതാവ് മുകുള്‍ റോയ്.

ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് തൃണമൂല്‍ നേതാക്കള്‍ സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് അത് തികച്ചും സ്വകാര്യമായ കാര്യമാണെന്നായിരുന്നു അദ്ദേഹം ആദ്യം നല്‍കിയ മറുപടി.

എന്നാല്‍ തൃണമൂല്‍ 143 നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തവണ പിന്നിലായെന്നും അവിടെയുള്ള പാര്‍ട്ടിയുടെ നേതാക്കന്‍മാരൊന്നും ഇനി തൃണമൂലില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുകുള്‍ റോയ് പറഞ്ഞു.

100 ലേറെ എം.എല്‍.എമാര്‍ താങ്കളുമായി ബന്ധപ്പെട്ടുവെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് 2019 ലെ തെരഞ്ഞെടുപ്പില്‍ 143 അസംബ്ലി മണ്ഡലങ്ങള്‍ തൃണമൂല്‍ കൈവിട്ടെന്നും അവിടെ മത്സരിച്ച സ്ഥാനാര്‍ത്ഥികളെല്ലാം തോറ്റ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അവര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നേക്കാമെന്ന സൂചനയായിരുന്നു മുകുള്‍ റോയ് നല്‍കിയത്.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിയാണ് പശ്ചിമ ബംഗാളില്‍ ബി.ജെ.പി വലിയ വിജയം നേടിയത്. 42 ല്‍ 18 സീറ്റ് നേടിയാണ് ഇത്തവണ ബി.ജെ.പി സംസ്ഥാനത്ത് കരുത്ത് തെളിയിച്ചത്.

18 മാസം മുന്‍പ് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയ്ക്ക് ബി.ജെ.പിയുടെ ഈ നേട്ടത്തില്‍ വലിയ പങ്കുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്നായിരുന്നു മുകുള്‍ റോയ് തൃണമൂല്‍ വിട്ടത്.

പാര്‍ട്ടി വിട്ടതിന് പിന്നാലെ മുകുള്‍ റോയിക്കെതിരെ രൂക്ഷവിമര്‍ശനവുമായാണ് മമത രംഗത്തെത്തിയത്. വിശ്വാസവഞ്ചകന്‍ എന്നായിരുന്നു അദ്ദേഹത്തെ മമത വിശേഷിപ്പിച്ചത്.

എന്നാല്‍ മമതയെ തനിക്കും അങ്ങനെ വിളിക്കാമെന്നും അഞ്ച് തവണ എം.പിയാക്കിയ, മന്ത്രിയാക്കിയ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ വഞ്ചിച്ചാണ് മമത തൃണമൂല്‍ ഉണ്ടാക്കിയതെന്നും മുകുള്‍ റോയ് പറഞ്ഞു. അതും വിശ്വാസ വഞ്ചന തന്നെയാണ്. എങ്കിലും താന്‍ ഒരിക്കലും അവരെ അങ്ങനെ വിളിക്കില്ലെന്നും മുകുള്‍റോയ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ന്യൂനപക്ഷ പ്രീണനത്തിന് മമത നല്‍കിയ വിലയാണോ തെരഞ്ഞെടുപ്പ് തിരിച്ചടിയെന്ന ചോദ്യത്തിന് ഹിന്ദുക്കളിലും മുസ്‌ലീങ്ങളിലും പ്രശ്‌നക്കാരുണ്ടെന്നും എന്നാല്‍ മുസ് ലീങ്ങള്‍ പ്രതിയാകുന്ന കേസില്‍ നടപടിയെടുക്കാന്‍ പൊലീസ് മടിക്കുന്നുണ്ടെന്നും ഇത് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണെന്നും മുകുള്‍ റോയ് പറഞ്ഞു.

2014 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ താങ്കള്‍ 18 സീറ്റ് പാര്‍ട്ടിക്ക് നേടിക്കൊടുത്തു. 2019 ല്‍ ബി.ജെ.പി വേണ്ടി താങ്കള്‍ പ്രവര്‍ത്തിച്ച് 18 സീറ്റ് നേടി എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് 2014 ഉം 2019 ഉം തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടെന്നും സംസ്ഥാനത്തെ ജനാധിപത്യം തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലാതാക്കിയെന്നും മമത ബാനര്‍ജി എല്ലാ പരിധിയും ലംഘിച്ചുവെന്നുമായിരുന്നു മുകുള്‍ റോയ് പറഞ്ഞു. ബി.ജെ.പിക്ക് വേണ്ടി 25 സീറ്റെങ്കിലും നേടാനാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ജനാധിപത്യം തിരികെ കൊണ്ടുവരാനായിരിക്കും ഭാവിയില്‍ ശ്രമിക്കുക. കേന്ദ്രസര്‍ക്കാര്‍ ബംഗാളില്‍ ചില വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. ചില പ്രധാനപ്പെട്ട വ്യവസായങ്ങള്‍ ബംഗാളില്‍ ആലോചിക്കും. വലിയൊരളവില്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മയെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്നും മുകുള്‍ റോയ് പറഞ്ഞു.