ന്യൂദല്‍ഹി: സ്‌കൂള്‍ അധ്യാപക നിയമന അഴിമതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടക്കുന്നതിനിടെ പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സന്ദേശവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ. കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെയും സഹായി അര്‍പിത മുഖര്‍ജിയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പരാമര്‍ശം.
മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്ന ജഗ്ദീപ് ധന്‍കറിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ബി.ജെ.പിയുടെ പരാമര്‍ശം.
ചെറുതും വലുതുമായ അഴിമതികള്‍ക്ക് നിരവധി മുഖ്യമന്ത്രിമാര്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.
‘എസ്.എസ്.സി അഴിമതിയുടെ സൂക്ഷ്മമായ വിശദാംശങ്ങള്‍ അറിയാവുന്ന മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ അടുത്തിടെ ഒരു പരിപാടിയില്‍ പ്രധാന കാര്യം പറഞ്ഞിരുന്നു. സമാനമായതും എന്നാല്‍ വളരെ ചെറുതുമായ റിക്രൂട്ട്മെന്റ് തിരിമറികളുടെ പേരില്‍ പല മുഖ്യമന്ത്രിമാരും വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അത് മമത ബാനര്‍ജിയെ ആശങ്കപ്പെടുത്തും,’ അമിത് മാളവ്യ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
ബി.ജെ.പി നേതാവ് പങ്കുവെച്ച വീഡിയോയില്‍ പശ്ചിമ ബംഗാളിലെ അധ്യാപക നിയമന അഴിമതിയെ ‘എല്ലാ അഴിമതികളുടെയും മാതാവ്’ എന്ന് ധന്‍ഖര്‍ വിളിക്കുന്നത് കേള്‍ക്കാം.
അതേസമയം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പാര്‍ത്ഥ ചാറ്റര്‍ജിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങളില്‍ നിന്നും നീക്കം ചെയ്തിരുന്നു. ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അധ്യാപക നിയമനത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഇ.ഡി അന്വേഷണം നടത്തിവരികയാണ്. ഇ.ഡിയുടെ കസ്റ്റഡിയിലാണ് നിലവില്‍ പാര്‍ത്ഥ ചാറ്റര്‍ജി.
മൂന്ന് മേഖലകളായിരുന്നു ചാറ്റര്‍ജി കൈകാര്യം ചെയ്തിരുന്നത്. വ്യവസായ വാണിജ്യ എന്റര്‍പ്രൈസ് മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇലക്ട്രോണിക്സ് മന്ത്രാലയം, പാര്‍ലമെന്ററി കാര്യ മന്ത്രാലയം തുടങ്ങിയവയായിരുന്നു ചാറ്റര്‍ജി കൈകാര്യം ചെയ്തിരുന്നത്.
നിലവില്‍ ഈ മൂന്ന് വകുപ്പുകളും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്.
കഴിഞ്ഞയാഴ്ച ഇ.ഡി നടത്തിയ റെയ്ഡില്‍ 21.90 കോടി രൂപ പണവും 56 ലക്ഷം രൂപ വിദേശ കറന്‍സിയും പാര്‍ത്ഥയുടെ അടുത്ത കൂട്ടാളിയായ അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതുകൂടാതെ 76 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ഇ.ഡി കണ്ടെടുത്തിരുന്നു. കണക്കുകളില്‍ രേഖപ്പെടുത്താത്ത പണം കണ്ടെടുത്തതിനെ തുടര്‍ന്ന് ഇവരെ ഇ.ഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അര്‍പിത ഇ.ഡിയുടെ പിടിയിലായത്.
അതേസമയം, പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായിയുടെ രണ്ടാമത്തെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് 28.90 കോടി രൂപയും അഞ്ച് കിലോയിലധികം സ്വര്‍ണവും നിരവധി രേഖകളും ഇ.ഡി കണ്ടെടുത്തിരുന്നു.
Content Highlight: BJP’s message to mamata banerjee, says many chief ministers have been in jail for years