ന്യൂദല്‍ഹി: ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിമാരെ സ്ഥലം മാറ്റുന്നതെന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി മീനാക്ഷി ലേഖിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു.
ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിമാരെ സ്ഥലം മാറ്റുന്നതെന്നും ചില ജഡ്ജിമാരെക്കുറിച്ചുള്ള ഐ.ബി റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കണമെന്ന് കൂടി പാര്‍ലമെന്റില്‍ സംസാരിക്കവേ മീനാക്ഷി ലേഖി പറഞ്ഞിരുന്നു.
ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സംസാരിക്കവേയായിരുന്നു മീനാക്ഷി ലേഖിയുടെ പരാമര്‍ശം. ”ചില ജഡ്ജിമാര്‍, അവരുടെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രതിഷേധക്കാര്‍ അക്രമാസക്തരാകുമ്പോള്‍ പോലീസ് കയ്യുംകെട്ടി നോക്കിയിരിക്കുകയാണെന്നാണ് അവര്‍ കരുതിയിരിക്കുന്നത്. പ്രതിഷേധം അക്രമാസക്തമാകണമെന്നാണ് ആരാണ് തീരുമാനിക്കുക? ശുപാര്‍ശകളില്ലാതെ സര്‍ക്കാരിന് അവരെ (ജഡ്ജിമാരെ) ട്രാന്‍സ്ഫര്‍ ചെയ്യിക്കാനാവില്ല. ഇത്തരത്തിലുള്ള ട്രാന്‍സ്ഫറുകള്‍ എല്ലാം വളരെക്കാലം മുമ്പ് തന്നെ നടത്തുന്നതാണ്’. എന്നായിരുന്നു മീനാക്ഷി ലേഖി പറഞ്ഞത്.
ദല്‍ഹി കലാപം നിയന്ത്രിക്കാന്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. ഈ വിഷയം പ്രതിപക്ഷം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോഴായിരുന്നു മീനാക്ഷി ലേഖിയുടെ മറുപടി.
”അവരില്‍ ചിലരെ (ജഡ്ജിമാരെ) സംബന്ധിച്ച ഐ.ബി റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് കൂടി ഞാന്‍ ആവശ്യപ്പെടുകയാണെന്നും ഇതോടെ എന്തുകൊണ്ടാണ് അവരെ ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും ‘ എന്നുമായിരുന്നു മീനാക്ഷി ലേഖി പറഞ്ഞത്.
ജസ്റ്റിസ് മുരളീധറിനെ മാറ്റിയതുമായി ബന്ധപ്പെട്ട് വിമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞായിരുന്നു നിരവധി ബി.ജെ.പി നേതാക്കള്‍ ഇതിനെ ന്യായീകരിച്ചത്. എന്നാല്‍, ഐ.ബിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇതെല്ലാം നടക്കുന്നതെന്ന് ഇപ്പോള്‍ ഒരു ബി.ജെ.പി എം.പി തന്നെ വ്യക്തമാക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിക്കുന്നത്.
ബി.ജെ.പി എം.പി ഇപ്പോള്‍ നടത്തിയ പ്രസ്താവന ചീഫ് ജസ്റ്റിസ്് ഗൗരവത്തിലെടുക്കണമെന്നും ഇനി ജഡ്ജിമാരെ മാറ്റുന്നത് ഐ.ബി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ മൂന്ന് ചോദ്യങ്ങള്‍ ബി.ജെ.പിയോട് ചോദിക്കാനുണ്ടെന്നും ജയ്വീര്‍ എന്നയാള്‍ ട്വിറ്ററില്‍ പറയുന്നു..
ഒന്ന്, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു ഐ.ബി റിപ്പോര്‍ട്ട് ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ തന്നെ ഇങ്ങനെയൊരു റിപ്പോര്‍ട്ട് ഐ.ബി ഒരു എം.പിയെ കാണിക്കുമോ? എന്ത് അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് എം.പി പരിശോധിക്കുക? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
പല ജഡ്ജിമാരും ഭരണകൂടത്തിന് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നത്് ഐ.ബിയുടെ ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്നാണെന്നാണ് പരസ്യമായ രഹസ്യമാണെന്നും എന്നാല്‍ അത് എങ്ങനെയാണ് അവര്‍ ഉപയോഗിക്കുന്നത് എന്ന് പറയാന്‍ ശ്രീമതി ലേഖി ധൈര്യം കാണിച്ചു! എന്നായിരുന്നു ജയിംസ് വില്‍സണ്‍ എന്നയാളുടെ ട്വീറ്റ്.