| Wednesday, 12th August 2020, 6:19 pm

ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനേറ്റ തിരിച്ചടിയാണ് സച്ചിന്റെ തിരിച്ചുവരവ്; ആധിര്‍ രഞ്ജന്‍ ചൗധരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനേറ്റ തിരിച്ചടിയാണ് രാജസ്ഥാനില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി. രാജസ്ഥാന്‍ പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് സച്ചിന്‍ പൈലറ്റ് തിരിച്ചുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ബി.ജെ.പിയുടെ രാഷ്ട്രീയ കുതന്ത്രങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന ധാരണയ്ക്ക് രാജസ്ഥാനില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനേറ്റ കനത്ത തിരിച്ചടിയാണിത്- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരുമാസത്തിലേറെയായി രാജസ്ഥാനില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളെ അവസരമാക്കാന്‍ ബി.ജെ.പി കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. തന്റെ സര്‍ക്കാരിനെ താഴെയിറക്കാനായി ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം താന്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നും അതുകൊണ്ട് തന്നെ ഇപ്പോഴത്തേതിനെ ഒരു തിരിച്ചുവരവ് എന്ന് പറയരുതെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് വിട്ട് ഞാന്‍ എങ്ങോട്ടും പോയിട്ടില്ല. പിന്നെ എങ്ങനെ തിരിച്ചുവരും. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ചില നടപടികളില്‍ ഞങ്ങള്‍ക്ക് വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നു അത് ചെയ്തു.

എം.എല്‍.എമാര്‍ക്കൊപ്പം റിസോര്‍ട്ടില്‍ പോയി താമസിക്കുകയല്ലാതെ തന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നെന്നും പൈലറ്റ് ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പൈലറ്റ് തിരിച്ച് കോണ്‍ഗ്രസ് പാളയത്തില്‍ എത്തുന്നത്. ഇതോടെ ഒരുമാസമായി നീളുന്ന രാഷ്ട്രീയപ്രതിസന്ധിയ്ക്കാണ് രാജസ്ഥാനില്‍ വിരാമമായത്.

താന്‍ ഒരിടത്തും നിന്നും പിരിഞ്ഞുപോന്നിട്ടില്ലെന്നും പ്രത്യയശാസ്ത്രപരമായ ചില പ്രശ്‌നങ്ങളാണ് വിട്ടുനില്‍ക്കലിന് പിന്നിലെന്നും പൈലറ്റ് നേരത്തെ പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: bjp-horse-trading-politics-defeated-in-rajasthan-says-adhir-ranjan-chowdhary

We use cookies to give you the best possible experience. Learn more