| Sunday, 4th April 2021, 3:48 pm

അസമില്‍ കൊവിഡില്ല, മാസ്‌ക് ധരിക്കേണ്ട എന്ന് വെറുതെ പറഞ്ഞതല്ല; സംശയമുള്ളവര്‍ അസമില്‍ വന്ന് നോക്കൂവെന്ന് ബി.ജെ.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ കൊവിഡ് ഇല്ലെന്നും അതിനാല്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കേണ്ടതില്ലെന്നും പറഞ്ഞ അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്‌ക്കെതിരെ പ്രതിഷേധമുയരുകയാണ്. വിമര്‍ശനങ്ങളുയരുമ്പോഴും തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഹിമന്ത ഇപ്പോള്‍ പറയുന്നത്.

തന്റെ പ്രസ്താവന തമാശയായി തോന്നുന്നവര്‍ അസിമല്‍ വന്നു നോക്കൂവെന്നായിരുന്നു ഹിമന്തയുടെ പുതിയ മറുപടി.

‘മാസ്‌ക് ധരിക്കണ്ട എന്ന് ഞാന്‍ പറഞ്ഞത് തമാശയായി തോന്നുവരുണ്ടെങ്കില്‍ നിങ്ങള്‍ അസമിലേക്ക് വരൂ. കൊവിഡിനെ എങ്ങനെയാണ് പിടിച്ചുകെട്ടിയതെന്ന് കാണിച്ചുതരാം. ദല്‍ഹി, മഹാരാഷ്ട്ര, കേരള എന്നിവിടങ്ങളില്‍ നിന്നെല്ലാം വളരെ മികച്ച രീതിയിലാണ് അസമില്‍ കൊവിഡിനെ പ്രതിരോധിക്കുന്നത്’, ഹിമന്ത പറഞ്ഞു.

എല്ലാവര്‍ഷവും പോലെ ഇത്തവണയും തങ്ങള്‍ അസമിന്റെ തനത് ഉത്സവമായ ബിഹു ആഘോഷിക്കുമെന്നും യാതൊരു നിയന്ത്രണങ്ങളുമുണ്ടാകില്ലെന്നും ഹിമന്ത പറഞ്ഞു.

ശനിയാഴ്ചയായിരുന്നു കൊവിഡിനെപ്പറ്റി വിവാദ പരാമര്‍ശവുമായി ഹിമന്ത രംഗത്തെത്തിയത്. അസമില്‍ കൊവിഡ് ഇല്ല. അതുകൊണ്ട് തന്നെ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ട. മാസ്‌ക് ധരിക്കേണ്ട ആവശ്യം വന്നാല്‍ ജനങ്ങളെ അറിയിക്കാം. അപ്പോള്‍ ധരിച്ചാല്‍ മതിയെന്നായിരുന്നു ഹിമന്ത പറഞ്ഞത്.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അതീവ ഗുരുതരമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതേതുടര്‍ന്ന് കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു.

കൊവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്സിനേഷന്‍ ഡ്രൈവ് ഉള്‍പ്പെടെയുള്ള കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായാണ് യോഗം.

ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരടക്കം എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 93,249 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: BJP’s Himanta Sarma, Attacked Over Mask Comment Replies

We use cookies to give you the best possible experience. Learn more