national news
ആരെങ്കിലും ബാബറായാൽ യുവാക്കൾ മഹാറാണാ പ്രതാപ് ആകും, പന്ത് നിങ്ങളുടെ കോർട്ടിലാണ്; കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 27, 12:00 pm
Saturday, 27th January 2024, 5:30 pm

 

ന്യൂദൽഹി: മുസ്‌ലിങ്ങൾ കാശിയിലെ ഗ്യാൻവാപി മസ്ജിദ് ഹിന്ദുക്കൾക്ക് കൈമാറണമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിങ്. വാരണാസിയിലെ ഗ്യാൻവാപി പള്ളിയിൽ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു എന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തുവന്നെന്ന പ്രചാരണത്തിന് പിന്നാലെയാണ് ഈ ആവശ്യവുമായി മന്ത്രി രംഗത്ത് വന്നത്.

‘അയോധ്യയിൽ പ്രധാനമന്ത്രി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നിർവഹിച്ചത് സനാതന ഹിന്ദുക്കളും സ്വാഗതം ചെയ്തിരുന്നു. ഞങ്ങളുടെ എല്ലാ കാലത്തെയും ആവശ്യമായിരുന്നു കാശിയും മധുരയും അയോധ്യയും. സാമുദായിക സൗഹാർദം നിലനിർത്താൻ കാശിയിലെ മസ്ജിദ് മുസ്‌ലിങ്ങൾ ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം.

ആരെങ്കിലും ബാബറോ ഔറംഗസേബോ ആകാൻ ശ്രമിച്ചാൽ യുവാക്കൾ മഹാറാണാ പ്രതാപ് ആകും. സമാധാനം നിലനിൽക്കുമെന്ന് നിങ്ങൾ ഉറപ്പാക്കണം, പന്ത് നിങ്ങളുടെ കോർട്ടിലാണ്,’ സിങ് പറഞ്ഞു.

അതേസമയം, റിപ്പോർട്ട് കോടതിയുടെ അന്തിമ വാക്കല്ലെന്ന് മസ്ജിദ് മാനേജിങ് കമ്മിറ്റി വ്യക്തമാക്കി.

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ട ഒരു റിപ്പോർട്ട് മാത്രമാണ് ഇതെന്ന് അസദുദ്ദീൻ ഒവൈസി പറഞ്ഞു.

‘പ്രൊഫഷണൽ പുരാവസ്തു ഗവേഷകരുടെയോ ചരിത്രകാരന്മാരുടെയോ മുമ്പിൽ ഈ റിപ്പോർട്ട് അക്കാദമിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. ഈ റിപ്പോർട്ട് ഊഹത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതും ശാസ്ത്രീയ പഠനത്തെ പരിഹസിക്കുന്നതുമാണ്. ഒരു സ്കോളർ പണ്ട് പറഞ്ഞത് പോലെ ഹിന്ദുത്വയുടെ കൈയിലെ കളിപ്പാവയായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു,’ അദ്ദേഹം എക്‌സിൽ കുറിച്ചു.

Content Highlight : BJP’s Giriraj Singh appeals to Muslim side: ‘Hand over Gyanvapi mosque to Hindus’