മഞ്ചേശ്വരത്ത് ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവെച്ച് ബി.ജെ.പി; പ്രചാരണത്തിനായി തെരഞ്ഞെടുത്തത് ഈ രണ്ടു വിഷയങ്ങള്‍
KERALA BYPOLL
മഞ്ചേശ്വരത്ത് ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവെച്ച് ബി.ജെ.പി; പ്രചാരണത്തിനായി തെരഞ്ഞെടുത്തത് ഈ രണ്ടു വിഷയങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th October 2019, 12:56 pm

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ച് ബി.ജെ.പിയുടെ പ്രചാരണം. 50 ശതമാനത്തിലധികം ന്യൂനപക്ഷ വോട്ടുള്ള മണ്ഡലത്തില്‍ പ്രധാനമായും രണ്ടു വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് ബി.ജെ.പി പ്രചാരണം മുന്നോട്ടുനയിക്കുന്നത്.

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തില്‍ പ്രതികളെ കണ്ടെത്താത്തതും മഞ്ചേശ്വരം ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ആക്രമണവുമാണ് ബി.ജെ.പി പ്രചരണായുധമാക്കുന്നത്. എന്നാല്‍ ഈ തന്ത്രങ്ങള്‍ വിലപ്പോകില്ലെന്നാണ് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും പ്രതികരണം.

ഇ.കെ സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണമാണ് മുസ്‌ലിം വോട്ടര്‍മാരെ ലക്ഷ്യമാക്കി ബി.ജെ.പി പ്രചാരണത്തില്‍ ഉയര്‍ത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതികളെ കണ്ടെതതാനാകാത്തത് യു.ഡി.എഫും എല്‍.ഡി.എഫും ഒത്തുകളിച്ചിട്ടാണെന്നാണ് അവര്‍ ആരോപിക്കുന്നത്. കൂടാതെ സമരപ്പന്തലിലെത്തി പരസ്യ പിന്തുണയും നല്‍കി. ഖാസിക്കു നീതി കിട്ടാന്‍ പരിശ്രമിക്കുന്നതെന്നാണു പ്രചാരണവേദികളിലെ വാഗ്ദാനം.

ഖാസിയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ നടത്തിവരുന്ന സമരം ഒരുവര്‍ഷം പിന്നിടുകയാണ്. 2010 ഫെബ്രുവരി 15-നാണ് ഖാസിയെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം. സമരസമിതി നേതാക്കളെ കേന്ദ്രമന്ത്രിമാരുടെയും ബി.ജെ.പി നേതാക്കളുടെയും അടുത്തെത്തിച്ചും ബന്ധം ശക്തമാക്കാന്‍ ബി.ജെ.പി കിണഞ്ഞുശ്രമിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഞ്ചേശ്വരം ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ആക്രമണമാണു മറ്റൊരു വിഷയം. ആക്രമണത്തിനു പിന്നില്‍ മണല്‍ മാഫിയയാണെന്നും യു.ഡി.എഫും എല്‍.ഡി.എഫും അക്രമികളെ പിന്തുണയ്ക്കുന്നതാണ് കേസില്‍ ആരും പിടിയിലാകാതിരിക്കാന്‍ കാരണമെന്നാണ് പ്രചാരണം.

കുറ്റവാളികളെ കൈയാമം വെച്ച് മഞ്ചേശ്വരത്തു കൂടി നടത്താന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്ന് പ്രചാരണവേദികളില്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറയുന്നുണ്ട്.

ഓഗസ്റ്റ് 19-നാണ് മഞ്ചേശ്വരത്ത് മംഗളൂരു രൂപതയുടെ കീഴിലുള്ള കാരുണ്യ പള്ളിക്കു നേരെ ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമണം നടത്തിയത്.

ഈ രണ്ടു പ്രചാരണ ആയുധങ്ങള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടര്‍മാരെ ഉന്നംവെച്ച് നേതാക്കളെ ഇറക്കുകയും ചെയ്യുന്നുണ്ട്. ന്യൂനപക്ഷ വോട്ടര്‍മാര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ എ.പി അബ്ദുള്ളക്കുട്ടി അടക്കമുള്ള നേതാക്കളെ രംഗത്തിറക്കി അവര്‍ പ്രചാരണം നടത്തുന്നുണ്ട്.