national news
ഒരിക്കല്‍ കൈവിട്ടാല്‍ കോണ്‍ഗ്രസ് തിരിച്ചെത്തില്ല, ഹിമാചലില്‍ ബി.ജെ.പിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ തുടരണം: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 09, 11:41 am
Wednesday, 9th November 2022, 5:11 pm

ഷിംല: ഹിമാചല്‍ തെരഞ്ഞടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

കോണ്‍ഗ്രസിനെ എല്ലാ സംസ്ഥാനങ്ങളും കൈവിടുകയാണ്, ഒരിക്കല്‍ കൈവിട്ടാല്‍ പിന്നീടൊരിക്കലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും നരേന്ദ്ര മോദി ഹിമാചലിലെ കാംഗ്രയില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞു.

അഴിമതിക്കാരും വികസനം മുടക്കികളുമായ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്തുള്ള വികസനം നടപ്പാകില്ല, ഹിമാചലില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ തുടരണമെന്നും മോദി കാംഗ്രയിലെ ചാമ്പിയില്‍ നടത്തിയ റാലിയില്‍ ആവര്‍ത്തിച്ചു.

ഇന്നും നാളെയും മോദി ഹിമാചലില്‍ തുടരും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള തനത് ഉത്പന്നങ്ങള്‍ ലോക നേതാക്കള്‍ക്ക് പ്രധാനമന്ത്രി സമ്മാനമായി നല്‍കും. വിവിധ ജില്ലകളില്‍ നിന്നുള്ള പെയിന്റിങ്ങുകള്‍, ഷാളുകള്‍, കരകൗശല വസ്തുക്കള്‍ എന്നിവയാണ് നല്‍കുക എന്ന് ബി.ജെ.പി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. അധികാരത്തുടര്‍ച്ച ലഭിച്ചാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും എന്നതാണ് പ്രധാന വാഗ്ദാനം.
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും സമാനമായ നീക്കം ബി.ജെ.പി നടത്തിയിരുന്നു.ഉദ്യോഗാര്‍ഥികളെയും കര്‍ഷകരെയും ഉന്നമിട്ട് വമ്പന്‍ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം തുടരുകയാണ്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്.

വിദ്യാഭ്യാസമുള്ള ഹിമാചല്‍ പ്രദേശിലെ ജനതയെ ബി.ജെ.പിക്ക് പറ്റിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അധികാരത്തില്‍ തിരിച്ചെത്തും, വാഗ്ദാനങ്ങള്‍ നടപ്പാക്കും എന്നും ഖാര്‍ഗെ ഷിംലയില്‍ പറഞ്ഞു.

അതേസമയം, വിമതരുടെ പ്രതിസന്ധിയും, കൂറുമാറ്റവും ഹിമാചലില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 26 കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ധരംപാല്‍ ഠാക്കൂര്‍ ഖണ്ഡ് അടക്കമുള്ള നേതാക്കള്‍ തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളില്‍ നിന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. എല്ലാവരും ഒരുമിച്ച് നിന്ന് സംസ്ഥാനത്ത് ചരിത്ര വിജയം നേടുമെന്ന് ജയ്‌റാം ഠാക്കൂര്‍ ഇതിന് പിന്നാലെ പ്രതികരിച്ചു.

Content Highlight: BJP’s double-engine government should continue in Himachal Says PM Narendra Modi