കരുതിയിരുന്നോ, പലിശ ചേര്‍ത്ത് തിരിച്ചുതരും; മമതക്കെതിരെ കൊലവിളിയുമായി ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍; ഒന്നിനുപകരം നാല് പേരെ തീര്‍ത്തിരിക്കുമെന്നും വെല്ലുവിളി
India
കരുതിയിരുന്നോ, പലിശ ചേര്‍ത്ത് തിരിച്ചുതരും; മമതക്കെതിരെ കൊലവിളിയുമായി ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍; ഒന്നിനുപകരം നാല് പേരെ തീര്‍ത്തിരിക്കുമെന്നും വെല്ലുവിളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th December 2020, 11:57 am

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കൊലവിളിയുമായി സംസ്ഥാന ബി.ജെ.പി നേതൃത്വം.

പശ്ചിമബംഗാളില്‍ സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്കെതിരെ തൃണമൂലുകാര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിക്കെതിരെ പരസ്യവെല്ലുവിളിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനടക്കമുള്ളവര്‍ രംഗത്തെത്തിയത്.

ഞങ്ങള്‍ എല്ലാത്തിലും മാറ്റംകൊണ്ടുവരുമെന്നും അതിനൊപ്പം തന്നെ തങ്ങള്‍ പ്രതികാരവും ചെയ്തിരിക്കുമെന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്. തങ്ങളോട് ചെയ്തതിന് പലിശ ചേര്‍ത്ത് തിരിച്ചുതന്നിരിക്കുമെന്നും ദിലീപ് ഘോഷ് വെല്ലുവിളിച്ചു.

2011ലെ മമതയുടെ മുദ്രാവാക്യത്തില്‍ പ്രധാനപ്പെട്ടതായിരുന്നു. ‘മാറ്റമാണ് ആവശ്യം പ്രതികാരമല്ല’ എന്നത്. ഇതേ മുദ്രാവാക്യം കടമെടുത്തായിരുന്നു മമതയോട് പ്രതികാരം ചെയ്തിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് പറഞ്ഞത്.

ദിലീപ് ഘോഷിന്റെ ഭീഷണിക്ക് പിന്നാലെ തന്നെ മമതക്കെതിരെ ബംഗാള്‍ ബി.ജെ.പി നേതാവ് സയന്തന്‍ ബസുവും രംഗത്തെത്തി. നിങ്ങള്‍ ഒരാളെ കൊന്നാല്‍ നാലുപേരെ ഞങ്ങള്‍ കൊന്നിരിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ദല്‍ഹിയില്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടെ വീടിന് നേരെ നടന്ന പ്രതിഷേധം ഒരു തുടക്കം മാത്രമാണെന്നും ഇയാള്‍ പറഞ്ഞു.

തനിക്കെതിരായ അക്രമം മമത ബാനര്‍ജി സര്‍ക്കാരിന്റെ നിരാശയെ പ്രതിഫലിപ്പിക്കുന്നതാണെന്നായിരുന്നു ജെ.പി നദ്ദ പ്രതികരിച്ചത്. പശ്ചിമ ബംഗാള്‍ സമ്പൂര്‍ണ്ണ അധാര്‍മ്മികതയിലേക്കും ഗുണ്ടാ രാജിലേക്കും വഴുതിവീഴുകയാണെന്നും നദ്ദ പറഞ്ഞിരുന്നു.

ജെ.പി നദ്ദയ്ക്കെതിരെ നടന്നത് ”സ്‌പോണ്‍സര്‍ ചെയ്ത അക്രമം” ആണെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. വിഷയത്തില്‍ ഗവര്‍ണറില്‍ നിന്നും അമിത് ഷാ റിപ്പോര്‍ട്ടും തേടിയിരുന്നു.

അതേസമയം ജെ.പി നദ്ദയുടെ ബംഗാള്‍ സന്ദര്‍ശനത്തെ പരിഹസിച്ച് മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ എപ്പോഴും ബംഗാള്‍ സന്ദര്‍ശനത്തിലാണെന്നായിരുന്നു മമത പറഞ്ഞത്.

‘അവര്‍ക്ക് വേറെ പണിയൊന്നുമില്ല. ചിലപ്പോള്‍ ആഭ്യന്തരമന്ത്രി ഇവിടെയുണ്ടാകും. മറ്റ് ചിലപ്പോള്‍ ഛദ്ദ, നദ്ദ, ഫദ്ദ, ഭദ്ദ എന്നിവര്‍ ഇവിടെയുണ്ടാകും. കാഴ്ചക്കാരില്ലാതാകുമ്പോള്‍ അവര്‍ അവരുടെ പ്രവര്‍ത്തകരെ വിളിക്കും’, എന്നായിരുന്നു മമത പറഞ്ഞത്.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ ജെ.പി നദ്ദക്കെതിരെ കരിങ്കൊടി പ്രയോഗവും വാഹനത്തിന് നേരെ കല്ലേറുമുണ്ടായത്.

ഇഷ്ടികകൊണ്ടാണ് കാറിന് നേരെ ചിലര്‍ എറിഞ്ഞതെന്നും ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നെന്നുമായിരുന്നു ബി.ജെ.പിയുടെ അവകാശവാദം.

നദ്ദയുടെ സന്ദര്‍ശനത്തിനിടെ പാര്‍ട്ടി ഓഫീസിന് പുറത്ത് തടിച്ചുകൂടിയ ഒരു ജനക്കൂട്ടം വടികളും ആയുധങ്ങളുമായി നിലയുറപ്പിച്ചിരുന്നെന്നുമാണ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി തന്നെ ആണെന്നായിരുന്നു തൃണമൂല്‍ നേതാക്കള്‍ പറഞ്ഞത്.

മമതാ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ പ്രോഗസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ദിവസം തന്നെ ആക്രമണമുണ്ടായത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്നും മുതിര്‍ന്ന തൃണമൂല്‍ നേതാവ് സുബ്രത മുഖര്‍ജി പറഞ്ഞിരുന്നു.

‘നദ്ദ പറയുന്നത് അദ്ദേഹത്തെ ആക്രമിച്ചു എന്നാണ്. എന്നാല്‍ ഞങ്ങള്‍ക്ക് കിട്ടിയ വിവരമനുസരിച്ച് പ്രകോപനമുണ്ടായത് അദ്ദേഹത്തിന്റേയും ബി.ജെ.പിയ്ക്കാരുടേയും പക്കല്‍ നിന്നാണെന്നാണ്. എല്ലാം ആസൂത്രണം ചെയ്തത് ബി.ജെ.പിയാണ്’, സൗമിത്ര മുഖര്‍ജി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP’s Dilip Ghosh vows ‘revenge’, warns Mamata govt