| Thursday, 25th March 2021, 3:22 pm

സാരിപൊക്കി കാലു കാണിച്ച് ബംഗാള്‍ സംസ്‌ക്കാരത്തെ അപമാനിക്കുകയാണ് മമത; ബര്‍മുഡ പരാമര്‍ശത്തിന് പിന്നാലെ പുതിയ വിവാദത്തിന് തിരി കൊളുത്തി ദിലീപ് ഘോഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അസഭ്യവര്‍ഷവുമായി ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ കാല്‍ പ്രദര്‍ശിപ്പിച്ച് മമത ബാനര്‍ജി പശ്ചിമ ബംഗാളിന്റെ സംസ്‌കാരത്തെ അപമാനിച്ചുവെന്നായിരുന്നു ദിലീപ് ഘോഷ് ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പൊതുപരിപാടിക്കിടെ പരിക്കേറ്റ കാല്‍ മമത ആളുകളെ കാണിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

‘പശ്ചിമ ബംഗാളില്‍ നമ്മുടെ അമ്മമാരും സഹോദരിമാരും സാരി ധരിക്കുന്നു. മാന്യതയുടെ പ്രതീകമാണ് സാരി. എന്നാല്‍ സാരി ധരിക്കുന്ന ഒരാള്‍ മനപൂര്‍വം അവരുടെ കാല്‍ പൊതു പരിപാടികളില്‍ വീണ്ടും വീണ്ടും കാണിക്കുന്നത് ശരിയല്ല. സ്ത്രീകള്‍ പോലും ഇത് ഇഷ്ടപ്പെടുന്നില്ല. ഞാന്‍ ഇതിനെ ചോദ്യം ചെയ്തിട്ടുണ്ട്. ബംഗാളിന്റെ സംസ്‌ക്കാരത്തില്‍ ഇത് ശരിയാണെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി ബംഗാളി സംസ്‌കാരത്തെക്കുറിച്ച് ധാരാളം സംസാരിക്കുന്നു. എന്നാല്‍ അത്തരമൊരു പെരുമാറ്റം മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കാനാവുന്നില്ല’, ദിലീപ് ഘോഷ് പറഞ്ഞു.

നേരത്തെയും മമതയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു. ഓരോ പൊതു പരിപാടിയിലും കാല് പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സാരിക്ക് പകരം മമത ബര്‍മുഡ ധരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ദിലീപ് ഘോഷ് പറഞ്ഞത്.

ദിലീപ് ഘോഷിന്റെ ഈ പ്രസ്താവനക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തുകയും സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പാര്‍ട്ടി അറിയിച്ചിരുന്നു.

മാര്‍ച്ച് 10 ന് നന്ദിഗ്രാമില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിക്കിടെ തന്റെ ഇടത് കാലിനേറ്റ പരിക്ക് മമത കാണിച്ചിരുന്നു. തനിക്കെതിരെ നടന്നത് ബോധപൂര്‍വമായ ആക്രമണമാണെന്നും ഈ കാലുവെച്ച് താന്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മമത പറഞ്ഞിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയെ ആക്രമിച്ചതിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും കാറിന്റെ വാതില്‍ അടച്ചപ്പോള്‍ പറ്റിയ പരിക്കാണ് ഇതെന്നുമായിരുന്നു ബി.ജെ.പിയുടെ വാദം. വോട്ടര്‍മാരില്‍ നിന്നും സഹതാപം കിട്ടാന്‍ വേണ്ടിയാണ് പൊതുപരിപാടിക്കിടെ മമത തന്റെ പരിക്ക് പറ്റിയ കാല്‍ കാണിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

നേരത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ മമത വീല്‍ചെയറില്‍ പ്രചരണത്തിന് എത്തിയും ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP’s Dilip Ghosh Says Mamata Showing Injured Foot Insulted Bengal’s Culture

Latest Stories

We use cookies to give you the best possible experience. Learn more