| Wednesday, 15th January 2020, 10:11 am

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ പട്ടികളെപ്പോലെ വെടിവെച്ചുകൊന്നിട്ടുണ്ടെന്ന പരാമര്‍ശം; ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊലപ്പെടുത്തുകയാണ് വേണ്ടതെന്നും ബി.ജെ.പി സര്‍ക്കാരുകള്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും വെളിപ്പെടുത്തിയ പശ്ചിമബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെ കേസ്.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃഷ്‌ണേന്ദു ബാനര്‍ജി നല്‍കിയ പരാതിയിലാണ് നാദിയ ജില്ലയിലെ രണഘട്ട് പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസം സി.എ.എയ്ക്കെതിരായ പ്രതിഷേധത്തിനിടെ 500-600 കോടി രൂപയുടെ പൊതു സ്വത്ത് നശിപ്പിച്ചതായി ഘോഷ് ആരോപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമങ്ങള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിനിടക്ക് നാശനഷ്ടം വരുത്തിയവരെ തന്റെ പാര്‍ട്ടി ഭരിക്കുന്ന ആസാമിലും ഉത്തര്‍പ്രദേശിലും പട്ടികളെ പോലെ വെടിവെച്ചു കൊന്നിട്ടുണ്ടെന്നായിരുന്നു ഇയാള്‍ പ്രസംഗത്തിനിടെ പറഞ്ഞത്.

ഒരു കോടി നുഴഞ്ഞുകയറ്റക്കാര്‍ സംസ്ഥാനത്തുണ്ടെന്നും വോട്ടിന് വേണ്ടി മമത അവരെ പ്രീണിപ്പിക്കുകയാണെന്നുമായിരുന്നു ദിലീപ് ഘോഷ് ആരോപിച്ചത്. പൊതുമുതല്‍ നശിപ്പിക്കുന്നവരെ യു.പി, അസം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതുപോലെ ചെയ്യാന്‍ മമത തയ്യാറാകണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബംഗാളല്ല ഉത്തര്‍പ്രദേശ് എന്ന് പറഞ്ഞായിരുന്നു മമത ഇതിന് മറുപടി നല്‍കിയത്.

‘ഇത് അപമാനകരമാണ്, എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നത്. നിങ്ങളുടെ പേര് പറയുന്നതേ മോശമാണ്. നിങ്ങള്‍ വെടിവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഉത്തര്‍പ്രദേശല്ല. ഇവിടെ വെടിവെപ്പ് നടക്കില്ല. നാളെ ഇവിടെയെന്തെങ്കിലും നടന്നാല്‍ താങ്കളും ഒരേ പോലെ ഉത്തരവാദിയാണെന്ന് ഓര്‍മ്മ വേണം. പ്രതിഷേധിക്കുന്ന മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണോ വേണ്ടത്?’, -മമത ബാനര്‍ജി ചോദിച്ചിരുന്നു.

ദിലീപ് ഘോഷിന്റെ പ്രസ്താവന വിവാദമായതോടെ അദ്ദേഹത്തെ തള്ളി പാര്‍ട്ടി നേതൃത്വം രംഗത്തെത്തുകയായിരുന്നു. ദിലീപ് ഘോഷിന്റെ പ്രസ്താവന ബി.ജെ.പിയുടെ അഭിപ്രായമല്ലെന്ന് പറഞ്ഞായിരുന്നു പാര്‍ട്ടി വിവാദത്തില്‍ നിന്ന് തലയൂരിയത്.

ദിലീപ് ഘോഷിന്റേത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും യു.പിയിലെയും അസമിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ ആളുകളെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ പ്രതികരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more