നിയമസഭാ തെരഞ്ഞെടുപ്പ് വരെ ജയിലിലടക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചന തെറ്റി: മനീഷ് സിസോദിയ
national news
നിയമസഭാ തെരഞ്ഞെടുപ്പ് വരെ ജയിലിലടക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചന തെറ്റി: മനീഷ് സിസോദിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2024, 11:34 am

ന്യൂദല്ഹി: ദല്ഹി നിയമസഭാ തെരഞ്ഞെടുപ്പ് വരെ തന്നെ ജയിലിലടക്കാമെന്ന ബി.ജെ.പിയുടെ ഗൂഢാലോചന തെറ്റിയെന്ന് മുതിര്ന്ന ആം ആദ്മി നേതാവും മുന് ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ.

വെള്ളിയാഴ്ച ദക്ഷിണ ദല്ഹിയില് നടന്ന പദയാത്രക്കിടെയാണ് മനീഷ് സിസോദിയയുടെ പ്രസ്താവന. മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില് മനീഷ് സിസോദിയ പതിനേഴ് മാസമായി ജയിലിലായിരുന്നു. പതിനേഴ് മാസങ്ങള്ക്ക് ശേഷം ആഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹം ജയില് മോചിതനായത്.

ഇപ്പോള് റദ്ദാക്കിയ 2021- 2022 മദ്യനയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്. ഇത്രയും കാലയളവില് ജയിലിലടക്കുന്നത് മൗലികാവകാശത്തിന് എതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പിന്നാലെയാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ദല്ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ നിയമസഭാ മണ്ഡലങ്ങളെയും ഉള്പ്പെടുത്തിയാണ് മനീഷ് സിസോദിയ പദയാത്ര നടത്തുന്നത്.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് ദല്ഹി മുഖ്യമന്ത്രിയടക്കം ജയിലിലടക്കപ്പെട്ടത് ആം ആദ്മി പാര്ട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാന് കാരണമായിരുന്നു. പാര്ട്ടിയുടെ പ്രതിച്ഛായ നിലനിര്ത്തുക എന്നതാണ് പദയാത്രയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വര്ഷം ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കാന് സാധ്യത.

‘പതിനേഴ് മാസങ്ങള്ക്ക് ശേഷം ഞാന് ജനങ്ങളുടെ അടുത്തെത്തിയിരിക്കുന്നു. ദല്ഹി നിയമസഭാ തെരഞ്ഞെടുപ്പ് വരെ എന്നെ ജയിലിടക്കാനായിരുന്നു ബി.ജെ.പിയുടെ ശ്രമം. പക്ഷേ ബജ്‌റംഗ്ബലിയുടെയും റാംജിയുടെയും അനുഗ്രഹം കാരണം അവരുടെ ഗൂഢാലോചന ഫലിച്ചില്ല’, മനീഷ് സിസോദിയ പദയാത്രയ്ക്കിടെ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്സികള് തനിക്കും കെജ്‌രിവാളിനുമെതിരെ രജിസ്റ്റര് ചെയ്ത കേസുകള് തീവ്രവാദികളെയും മയക്കുമരുന്ന് ലോബികള്ക്കെതിരെയുമുള്ള കേസുകള്ക്ക് തുല്യമാണെന്ന് സിസോദിയ വ്യക്തമാക്കി.

മദ്യനയക്കേസിലെ ക്രമക്കേടാരോപിച്ച് തീഹാര് ജയിലില് കഴിയുന്ന അരവിന്ദ് കെജ്‌രിവാളും അടുത്ത് തന്നെ ജയില് മോചിതനാകുമെന്നും സിസോദിയ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെജ്‌രിവാള് ജാമ്യത്തില് ഇറങ്ങിയിരുന്നു. എന്നാല് ജാമ്യക്കാലാവധിക്കുശേഷം അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് മണിക്കൂറിലധികം സമയം നീളുന്ന പദയാത്രയില് ദല്ഹിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളും ഉള്പ്പെടുത്തിയിട്ടുണ്ട്. പദയാത്രയില് മണ്ഡലങ്ങളിലെ ജനങ്ങളുമായി ജനപ്രതിനിധികള് സംവദിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്ട്ട്.

 

Content Highlight: BJP’s conspiracy to keep me in jail till Delhi assembly polls failed: Manish Sisodia