ബി.ജെ.പി പാളയത്തില്‍ നിന്ന് ഇറങ്ങിയോടിയ സെലിബ്രിറ്റികള്‍; താരങ്ങളുടെ പൊടിപോലുമില്ല
Kerala News
ബി.ജെ.പി പാളയത്തില്‍ നിന്ന് ഇറങ്ങിയോടിയ സെലിബ്രിറ്റികള്‍; താരങ്ങളുടെ പൊടിപോലുമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st April 2021, 11:22 am

ഉത്തരേന്ത്യന്‍ മാതൃകയിലുള്ള സെലിബ്രിറ്റി രാഷ്ട്രീയം തന്നെയാണ് ബി.ജെ.പി കേരളത്തില്‍ ഇക്കുറിയും മുന്നോട്ടുവെക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് തന്ത്രം.

ഇത്തവണ ഡി.എം.ആര്‍.സിയുടെ മുന്‍ മേധാവിയായ ഇ.ശ്രീധരനും സിനിമാമേഖലയില്‍ നിന്ന് നടന്‍ കൃഷ്ണകുമാറിനെയും സുരേഷ് ഗോപിയേയുമാണ് ബി.ജെ.പി സെലിബ്രിറ്റി രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ച് തെരഞ്ഞെടുപ്പ് ഗോഥയിലിറക്കിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സെലിബ്രിറ്റികള്‍ ബി.ജെ.പിക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു.

ക്രിക്കറ്റ് താരം ശ്രീശാന്ത്, നടന്‍ കൊല്ലം തുളസി, സംവിധായകന്‍ രാജസേനന്‍, ഭീമന്‍ രഘു എന്നിവരെല്ലാം ബി.ജെ.പിക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ ഇക്കുറി ഇവരാരും ബി.ജെ.പിയുടെ പ്രചാരണത്തിന് പോലും ഇറങ്ങിയിട്ടില്ല. ഇതില്‍ ചിലര്‍ ഇപ്പോഴും സംഘപരിവാറിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കിലും മത്സരത്തിനിറങ്ങാന്‍ തയ്യാറായിട്ടില്ല.

ഇത്തവണ കൃഷ്ണകുമാര്‍ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ചത് ക്രിക്കറ്റ് താരം എസ്.ശ്രീശാന്തായിരുന്നു. അന്ന് 34764 വോട്ടാണ് ശ്രീശാന്തിന് ലഭിച്ചത്.

2016ലെ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് നടന്‍ ഗണേഷ് കുമാറിനെതിരെ ഭീമന്‍ രഘുവാണ് മത്സരിച്ചത്. അരുവിക്കരയില്‍ സംവിധായകന്‍ രാജസേനനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി.

കൊല്ലം തുളസിയെ കുണ്ടറയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ നേതൃത്വം ശ്രമിച്ചെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറുകയായിരുന്നു. പിന്നീട് ഇദ്ദേഹം ബി.ജെ.പിക്കാര്‍ തന്നെ മുതലെടുക്കുകയായിരുന്നുവെന്ന് പരസ്യമായി തള്ളിപ്പറയുകയും ചെയ്തിരുന്നു.

ബി.ജെ.പിയുടെ രാജ്യസഭാംഗമായ സുരേഷ് ഗോപിക്ക് ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇക്കുറി സുരേഷ് ഗോപി മത്സരിക്കാന്‍ വിസമ്മതിച്ചു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സംസ്ഥാന നേതൃത്വം അദ്ദേഹത്തിനുമേല്‍ മത്സരിക്കാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. വൈകിയാണ് തൃശ്ശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി പ്രചാരണത്തിനും ഇറങ്ങിയത്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് വേണ്ടി ശക്തമായി പ്രചരണം രംഗത്തുണ്ടായിരുന്ന വ്യക്തിയായിരുന്നു സംവിധായകന്‍ മേജര്‍ രവി. എന്നാല്‍ ഇത്തവണ ബി.ജെ.പിയെ അദ്ദേഹം തള്ളിപ്പറയുകയും പാര്‍ട്ടിക്ക്  വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP’s celebrity politics in Kerala