|

ബി.ജെ.പിയുടെ കള്ളപ്പണം നരേന്ദ്രമോദിയില്‍ വരെ ചെന്നെത്തിയേക്കാം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരായ കള്ളപ്പള്ള ആരോപണങ്ങളും കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസിലും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇത്തരത്തില്‍ കുഴല്‍പ്പണം എത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കെ.സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര പണം കടത്തുന്നതിനായിരുന്നെന്നും കെ.മുരളീധരന്‍ ആരോപിച്ചു.

കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണം ശരിയായ രീതിയില്‍ ആണെങ്കിലും ദേശീയ നേതാക്കള്‍ അടക്കമുള്ള കണ്ണികളില്‍ എത്തിപ്പെടാന്‍ പ്രയാസമായിരിക്കുമെന്നും ചിലപ്പോള്‍ നീക്കുപോക്കുകള്‍ അടക്കം നടന്നേക്കാമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കേസില്‍ ഹൈക്കോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയേര്‍ഡ് ചെയ്ത ഒരു ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ അടക്കം ഈ അന്വേഷണം ചെന്നെത്തിയേക്കാമെന്നും മുരളീധരന്‍ പറഞ്ഞു.

കേസില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കെ.സുരേന്ദ്രനും ബി.ജെ.പിക്കുമെതിരെ പുതിയ ആരോപണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

മഞ്ചേശ്വരം മണ്ഡലത്തില്‍ തന്റെ സ്വാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനായി പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി നേതൃത്വം തനിക്ക് രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് കെ. സുരേന്ദ്രനെതിരെ മത്സരിച്ച കെ. സുന്ദരയ്യ വെളിപ്പെടുത്തിയിരുന്നു.

15 ലക്ഷമാണ് ആദ്യം വാഗ്ദാനം നല്‍കിയതെന്നും എന്നാല്‍ അതില്‍ രണ്ട് ലക്ഷം മാത്രമാണ് തനിക്ക് ലഭിച്ചതെന്നും കെ. സുന്ദര പറഞ്ഞിരുന്നു. ബി.ജെ.പി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തുവെന്നും സുന്ദര പറഞ്ഞു. കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നതായി സുന്ദര പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി സുന്ദര നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പിന്നീട് ഇദ്ദേഹം പത്രിക പിന്‍വലിക്കുകയായിരുന്നു.

പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം സുന്ദരയെ കാണാനില്ലെന്ന് പറഞ്ഞ് ബി.എസ്.പി നേതൃത്വം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് താന്‍ പത്രിക മാധ്യമങ്ങളെ കണ്ട് താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് സുന്ദര പ്രഖ്യാപിക്കുകയായിരുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുന്ദരയ്യ 467 വോട്ടുകളാണ് നേടിയത്. ബി.എസ്.പി സ്ഥാനാര്‍ത്ഥിയായാണ് കെ. സുന്ദര മത്സരിച്ചത്. അന്ന് 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

അതിനിടെ കൊടകര കുഴല്‍പ്പണ കേസിലും കെ. സുരേന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളാണുയരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി നേതാക്കള്‍ താമസിച്ച ഹോട്ടലിലെത്തിയ അന്വേഷണ സംഘം രേഖകള്‍ പരിശോധിക്കുകയും ചെയ്തു. അതേസമയം കെ. സുരേന്ദ്രന്റെ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിപിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 10 മണിക്ക് പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP’s black money may go as far as Narendra Modi; K Muraleedharan wants a judicial inquiry to be announced

Latest Stories