ബി.ജെ.പിയുടെ മികച്ച പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ല: ജെ.പി. നദ്ദ
national news
ബി.ജെ.പിയുടെ മികച്ച പ്രകടനം ഇനിയും പുറത്തെടുക്കാനായിട്ടില്ല: ജെ.പി. നദ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th November 2021, 3:22 pm

ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ.

പാര്‍ട്ടി സംഘടനാപരമായി അടിത്തട്ടില്‍ കെട്ടുറുപ്പുണ്ടാക്കുന്ന നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തുവന്നിട്ടില്ലെന്നും നദ്ദ പറഞ്ഞു.

പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിഖ് ജനതയെ ഒപ്പം നിര്‍ത്താനാണ് ബി.ജെ.പി ശ്രമം. ഇതിനായി 1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതികളെ ശിക്ഷിച്ചതടക്കമുള്ള കാര്യങ്ങള്‍ പ്രചരണത്തിനുപയോഗിക്കാനാണ് നദ്ദയുടെ നിര്‍ദേശം.

ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് ബി.ജെ.പി ഉന്നതാധികാര യോഗം ചേരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ, മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, എല്‍.കെ അദ്വാനി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പ് ഫലം ഗൗരവമായി തന്നെയാണ് യോഗം ചര്‍ച്ച ചെയ്യുന്നത്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.


ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിലാകട്ടെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മോശം പ്രകടനമാണ് ബി.ജെ.പി കാഴ്ചവെച്ചത്.

യു.പിയടക്കമുള്ള പല സംസ്ഥാനങ്ങളും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് ചേരുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP’s best yet to come, says JP Nadda