| Monday, 23rd December 2024, 9:27 am

കേസ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമം; വി.എച്ച്.പി പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞതില്‍ സന്ദീപ് വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിറ്റൂര്‍: പാലക്കാട് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പിക്ക് നേരിട്ട് ബന്ധമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

ഉപതെരഞ്ഞെടുപ്പിന് ബി.ജെ.പിയുടെ വോട്ടുകള്‍ ഏകോപിപ്പിക്കല്‍ ചുമതല ഉള്‍പ്പെടെ വഹിച്ചിരുന്നവരാണ് കേസില്‍ അറസ്റ്റിലായ മൂന്നില്‍ രണ്ട് പേരെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

കേസ് അട്ടിമറിക്കുന്നതിനായി ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം പൊലീസുമായി പലതവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവമോര്‍ച്ചയുടെ ജില്ലാ നേതാക്കള്‍ മുഖേനയാണ് അട്ടിമറി ശ്രമം നടന്നിരിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.

ഒരു ഭാഗത്ത് ക്രൈസ്തവരോട് വല്ലാത്ത സ്‌നേഹം കാണിച്ച് കേക്കുമായി കടന്നുപോകുകയും എന്നാല്‍ മറുവശത്ത് ക്രൈസ്തവരെ ആക്ഷേപിക്കാനും വിശ്വാസങ്ങളെ അധിക്ഷേപിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഒരു സ്‌കൂളില്‍ കുട്ടികള്‍ നടത്തിയ കരോളിനെ പോലും ആക്രമിക്കുന്ന സംഘപരിവാര്‍ നീക്കം കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദം ഇല്ലാതാക്കാനുള്ളതാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ഇരകളോടൊപ്പം നില്‍ക്കുകയും വേട്ടക്കാരോടൊപ്പം വേട്ട നടത്തുകയും ചെയ്യുന്ന സമീപനമാണ് ബി.ജെ.പിക്കുള്ളത്. ഈ സമയം വരെ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പാലക്കാട്ടെ അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സൂചിപ്പിക്കുന്നത് ബി.ജെ.പിക്ക് ഇക്കാര്യത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നാണെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

അധ്യാപകരെ ഭീഷണിപ്പെടുത്തിയ പ്രതികളില്‍ രണ്ട് പേര്‍ ബി.ജെ.പിയുടെ ഭാരവാഹികളും സജീവ പ്രവര്‍ത്തകരുമാണ്. ബി.ജെ.പി നേതാവ് കൃഷ്ണ കുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ് ഇവര്‍. ഇക്കാരണത്താല്‍ തന്നെ ചിറ്റൂരിലെ കേസ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിച്ചിട്ടുണ്ടെന്നും സന്ദീപ് ഊന്നിപ്പറഞ്ഞു.

പാലക്കാട് കണ്ടത് സംഘപരിവാറിന്റെയും ബി.ജെ.പിയുടെ യഥാര്‍ത്ഥമായ മുഖമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ക്രൈസ്തവ സഹോദരങ്ങള്‍ക്കിടയില്‍ മറ്റിതര മതസ്ഥരുമായി ഭിന്നിപ്പ് ഉണ്ടാക്കുന്നതിനായി ബി.ജെ.പി ബോധപൂര്‍വം നുണപ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

മണ്ഡലകാലത്ത് വീടുകളില്‍ ക്രിസ്മസ് നക്ഷത്രമല്ല മകരവിളക്കാണ് സ്ഥാപിക്കേണ്ടതെന്ന ക്യാമ്പയിന് പിന്നില്‍ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്ന ഒരു വനിതയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഇവര്‍ക്ക് കെ. സുരേന്ദ്രനുമായും അടുത്ത ബന്ധമുണ്ടെന്നും ഈ വിഷയങ്ങള്‍ ഒന്നും ബി.ജെ.പി തള്ളിപ്പറഞ്ഞിട്ടില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്നലെ (ഞായറാഴ്ച) പ്രതികള്‍ അറസ്റ്റിലായിരുന്നു. വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചിറ്റൂര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രതികളില്‍ അനില്‍കുമാര്‍, സുശാസനന്‍ എന്നിവര്‍ ബി.ജെ.പിയുടെ ഭാരവാഹികളാണെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

Content Highlight: BJP’s attempt to sabotage the case; Sandeep varier in blocking Christmas celebration by VHP activists

We use cookies to give you the best possible experience. Learn more