ന്യൂദൽഹി: കർഷക സമരത്തെക്കുറിച്ചുള്ള ബി.ജെ.പിയുടെ മാണ്ഡി എം.പി കങ്കണ റണൗത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
378 ദിവസത്തെ സമരത്തിൽ 700 സഖാക്കളെ ബലിയർപ്പിച്ച കർഷകരെ ബലാത്സംഗം ചെയ്യുന്നവരെന്നും വിദേശ ശക്തികളുടെ പ്രതിനിധികളെന്നും ബി.ജെ.പി എം.പി വിശേഷിപ്പിച്ചത് ബി.ജെ.പിയുടെ കർഷക വിരുദ്ധ നയത്തിൻ്റെ മറ്റൊരു തെളിവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
‘ഈ ലജ്ജാകരമായ കർഷക വിരുദ്ധ പരാമർശങ്ങൾ പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, കൂടാതെ രാജ്യത്തിൻ്റെ മുഴുവൻ കർഷകർക്കും കടുത്ത അപമാനമാണ്, ഇത് ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ കഴിയില്ല.
കർഷക സമരം പിൻവലിച്ചപ്പോൾ രൂപീകരിച്ച സർക്കാർ സമിതി ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്, എം.എസ്.പിയുടെ കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കാൻ നാളിതുവരെ അവർക്ക് കഴിഞ്ഞിട്ടില്ല. രക്തസാക്ഷികളായ കർഷകരുടെ കുടുംബങ്ങൾക്ക് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. അതിലുപരി കർഷകരുടെ സ്വഭാവഹത്യയാണ് തുടർച്ചയായി നടക്കുന്നത്, ഗാന്ധി പറഞ്ഞു.
ഭക്ഷ്യ ദാതാക്കളെ അനാദരിച്ചും അവരുടെ അന്തസിന് നേരെ ആക്രമണം നടത്തിയും മോദി സർക്കാർ കർഷകർക്ക് നേരെ നടത്തുന്ന ആക്രമണം മറച്ചുവെക്കാനാവില്ല. നരേന്ദ്ര മോദിയും ബി.ജെ.പിയും എത്ര ഗൂഢാലോചന നടത്തിയാലും കർഷകർക്ക് എം.എസ്.പിയുടെ (മിനിമം താങ്ങ് വില) നിയമപരമായ ഗ്യാരണ്ടി ഇന്ത്യ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കങ്കണയുടെ പരാമർശങ്ങൾക്കെതിരെ ബി.ജെ.പിക്കെതിരെ പ്രതികരിച്ചിരുന്നു. ‘ഇത് ലജ്ജാകരവും അങ്ങേയറ്റം അപലപനീയവുമാണ്. കർഷക വിരുദ്ധ പ്രത്യയശാസ്ത്രമാണ് മോദി സർക്കാരിൻ്റെ എൻ.ഡി.എ സർക്കാർ മുന്നോട്ട് വെക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കര്‍ഷക സമരം ഇന്ത്യയെ ബംഗ്ലാദേശിലേതിന് സമാനമായ സാഹചര്യത്തിലേക്ക് നയിക്കും എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കര്‍ഷക സമരത്തിന് പിന്നില്‍ വിദേശിയരായ ഗൂഢാലോചനക്കാരുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് സമരത്തെ മോശപ്പെട്ട സാഹചര്യത്തിലേക്ക് കൊണ്ടുപോകാതിരുന്നതെന്നും കങ്കണ പറഞ്ഞിരുന്നു.
കര്‍ഷക സമരം നിലയുറച്ച പ്രദേശങ്ങളില്‍ മൃതദേഹങ്ങള്‍ തൂങ്ങിക്കിടക്കുന്നതായി കാണാമായിരുന്നെന്നും വ്യാപകമായി ബലാത്സംഗം നടന്നിരുന്നതായും കങ്കണ ആരോപിച്ചിരുന്നു. തുടര്‍ന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ബി.ജെ.പി എം.പിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്നത്.
കർഷക ക്ഷേമത്തിനായുള്ള സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ തുടങ്ങിയ മറ്റ് ആവശ്യങ്ങൾ നൽകുക, തങ്ങളുടെ ഉത്പന്നങ്ങൾക്ക് മിനിമം താങ്ങുവിലയ്ക്ക് (എം.എസ്.പി ) നിയമപരമായ ഗ്യാരണ്ടി നൽകുക എന്നിവ ആവശ്യപ്പെട്ടാണ് പഞ്ചാബിലേയും ഹരിയാനയിലേയും കർഷകർ പ്രതിഷേധം ആരംഭിച്ചത്.
Content Highlight: BJP’s anti-farmer policies’: Rahul Gandhi slams Kangana Ranaut’s remark