ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് എന്നെ തടയലാണ് ബി.ജെ.പിയുടെ ലക്ഷ്യം; ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കെജ്‌രിവാള്‍
national news
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് എന്നെ തടയലാണ് ബി.ജെ.പിയുടെ ലക്ഷ്യം; ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th January 2024, 1:48 pm

ന്യൂദൽഹി: തനിക്കെതിരെ ഇ.ഡി ഉന്നയിക്കുന്ന കേസ് കള്ളമാണെന്നും ഇത് ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെ നീക്കം മാത്രമെന്നും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ദൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തനിക്ക് ഇ.ഡി അയച്ച സമൻസ് തെറ്റാണെന്നും, സത്യസന്ധതയാണ് തന്റെ ഏറ്റവും വലിയ ശക്തി എന്നും പറഞ്ഞ കെജരിവാൾ ബി.ജെ.പിയാണ് ഏറ്റവും വലിയ അഴിമതിക്കാർ എന്ന് ആരോപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന് വെറും രണ്ടുമാസം മാത്രം ബാക്കി നിൽക്കെ, തന്നെ തുടർച്ചയായി ഇ.ഡി ചോദ്യം ചെയ്യലിന് വിളിക്കുന്നത് എന്തിനാണെന്ന് കെജ്‌രിവാൾ ചോദിച്ചു.

ഒന്നുകിൽ തന്നെ അറസ്റ്റ് ചെയ്യണം അല്ലെങ്കിൽ അവർക്കൊപ്പം തന്നെ നിർത്തണം ഇതാണ് ബിജെപിയുടെ ലക്ഷ്യമെന്നും. മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പി ഇതാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

തൻറെ സത്യസന്ധതയെ അളക്കാൻ ബി.ജെ.പിക്ക് ആകില്ലെന്ന് പറഞ്ഞ കെജ്‌രിവാൾ ഇനി ചോദ്യം ചെയ്യലിന് വിളിച്ചാൽ പോവില്ലെന്നും വ്യക്തമാക്കി.

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന വാർത്തകൾ പുറത്തുവന്നതിനൊപ്പം തന്നെ മൂന്നു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി അദ്ദേഹം ജനുവരി 6ന് പുറപ്പെടുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് മുൻപായാണ് അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളെ കണ്ടത്.

ദൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇ.ഡി കെജ്‌രിവാളിനോട് മൂന്നുതവണ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകൾ പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു.

ഓരോ തവണ ഇ.ഡി സമൻസ് അയക്കുമ്പോഴും അത് കൃത്യമായി മാധ്യമങ്ങളിൽ വന്നിരുന്നു. ഇത് തന്റെ പ്രതിച്ഛായയെ താറടിച്ചു കാണിക്കാനുള്ള ബി.ജെ.പി നീക്കം ആണെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു.

അതേസമയം കെജ്‌രിവാൾ ഇ.ഡിയിൽ നിന്നും ഓടിയൊളിക്കുന്നത് തെറ്റ് ചെയ്തതുകൊണ്ടാണ്, നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം പറയേണ്ടതുണ്ടെന്നും ദൽഹി ബി.ജെ.പി സെക്രട്ടറി ഹരീഷ് ഖുരാന ആരോപിച്ചിരുന്നു.

പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാൻ വേണ്ടി ബി.ജെ.പി ഇ.ഡിയെ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് ലീഡർ ഉദിത് രാജ് പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ പ്രതിപക്ഷ നിരയിലെ അംഗമാണ് അതിനാലാണ് അദ്ദേഹത്തിന് മുകളിലും ഇ.ഡി സമ്മർദ്ദം ചെലുത്തുന്നതെന്നും ഉദിത് രാജ് പറഞ്ഞു.

Content Highlights: BJP’s aim is to stop me from Lok Sabha elections says Kejriwal