അവിശ്വാസത്തില്‍ പരാജയമുറപ്പിച്ചു; ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയില്‍ രാജി
Kerala News
അവിശ്വാസത്തില്‍ പരാജയമുറപ്പിച്ചു; ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയില്‍ രാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd December 2024, 5:39 pm

പന്തളം: ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയുടെ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. നാളെ (ബുധനാഴ്ച) അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെയാണ് രാജി.

അധ്യക്ഷയായ സുശീല സന്തോഷും ഉപാധ്യക്ഷയായ യു. രമ്യയുമാണ് രാജിവെച്ചത്. പാലക്കാടിന് പുറമെ ബി.ജെ.പി ഭരണം കൈയാളുന്ന മറ്റൊരു നഗരസഭയാണ് പന്തളം.

അധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറിയെങ്കിലും ബി.ജെ.പി നേതൃത്വത്തിലുള്ള നഗരസഭാ സമിതി അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് സുശീല മാധ്യമങ്ങളോട് പറഞ്ഞു. അവിശ്വാസം വന്നതിനാലാണ് രാജിവെച്ചതെന്നും ബി.ജെ.പിയുടെ ഭരണസമിതി തന്നെ അധികാരത്തില്‍ തുടരുമെന്നും യു. രമ്യ പ്രതികരിച്ചു.

രാജിക്ക് പിന്നാലെ പ്രതികരിച്ച ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് നീക്കത്തിന് പിന്നില്‍ വ്യക്തിപരമായ അസൗകര്യമെന്ന് പ്രതികരിച്ചു. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി സന്നദ്ധത പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.

അതേസമയം ഭരണസമിതിയിലെ കെ.വി. പ്രഭ അടക്കമുള്ള മൂന്ന് കൗണ്‍സിലര്‍മാര്‍ വിമതരാകുകയും ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത സാഹചര്യമാണ് ഇപ്പോള്‍ പന്തളം നഗരസഭയിലുള്ളത്. പ്രതിപക്ഷ വേദികളിലെത്തി വിമത നേതാക്കള്‍ സംസാരിച്ചു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതിപക്ഷം അവിശ്വാസം തേടിയത്. ഇതിനുപിന്നാലെ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെക്കുകയായിരുന്നു.

എല്‍.ഡി.എഫാണ് പന്തളം നഗരസഭയില്‍ അവിശ്വാസം കൊണ്ടുവന്നത്. യു.ഡി.എഫിന്റെ പിന്തുണയോടെയാണ് അവിശ്വാസം തേടിയത്.

പ്രതിപക്ഷത്തിന് മൂന്ന് വിമതര്‍ പിന്തുണ നല്‍കുകയാണെങ്കില്‍ അംഗസംഖ്യ 18 ആകുകയും ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുകയും ചെയ്യും. സി. കൃഷ്ണകുമാറിന് ചുമതലയുണ്ടായിരുന്ന നഗരസഭ കൂടിയായിരുന്നു പന്തളം.

2010ൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി പന്തളം നഗരസഭയിൽ ഭരണം പിടിച്ചത്.

Content Highlight: No confidence motion; BJP-ruled Pandalam municipal council members resigns