ന്യൂദൽഹി: ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലക്ക് മാറ്റി വെച്ച വിഹിതത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസ ബജറ്റിൽ 9,600 കോടി രൂപ കേന്ദ്രം വെട്ടികുറച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ബി.ജെ.പി-ആർ.എസ്.എസ് ന്റെ ആളുകൾ ആഗ്രഹിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനായുള്ള ബജറ്റിൽ 9,600 കോടി രൂപ വെട്ടിക്കുറച്ചു, ഇടക്കാല ബജറ്റിൽ 16.38 ശതമാനം വെട്ടിക്കുറച്ചു. ഇത് വലിയ പ്രതിസന്ധി ആണ്,’ ഖാർഗെ എക്സിൽ പറഞ്ഞു.
ഐ.ഐടി.കൾക്കും ഐ.ഐ.എമ്മുകൾക്കുമുള്ള ബജറ്റ് തുടർച്ചയായ രണ്ടാം വർഷവും വെട്ടിക്കുറച്ചതായും യു.ജി.സിക്കുള്ളതിൽ 61ശതമാനം വെട്ടിക്കുറവ് നടത്തിയതായും അദ്ദേഹം ആരോപിച്ചു.
‘യു.ജി.സി ഒരു നിയമാനുസൃത സ്ഥാപനമാണ്, രാജ്യത്തെ ഗ്രാൻ്റ് നൽകുന്ന ഏക ഏജൻസിയായിരിക്കുമെന്ന് കരുതിയിരുന്നെങ്കിലും മോദി സർക്കാർ അതിൻ്റെ അധികാരം കവർന്നെടുത്തു, അതുവഴി അതിൻ്റെ സ്വയംഭരണാവകാശം ചവിട്ടിമെതിച്ചു.
സർവകലാശാലകളെ നിയന്ത്രിക്കുക, സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ചുരുക്കുക, അവരുടെ സ്വയംഭരണത്തിൽ തുരങ്കം വെക്കുക, പൊതുവിദ്യാഭ്യാസത്തെ നശിപ്പിക്കുക, യുവാക്കളെ ഒറ്റിക്കൊടുക്കുക എന്നിങ്ങനെ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്മേലുള്ള മോദി ഗവൺമെൻ്റിൻ്റെ ആക്രമണം തുടർന്ന് കൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.