| Saturday, 4th February 2017, 11:29 am

പഠിപ്പ് മുടക്ക് സമരത്തിന്റെ മറവില്‍ പി.എസ്.സി കോച്ചിങ് സെന്ററില്‍ സംഘപരിവാറുകാരുടെ അഴിഞ്ഞാട്ടം : ബി.ജെ.പി ജാഥയ്ക്ക് സംഭാവന നല്‍കാതിരുന്നതിന്റെ വൈരാഗ്യമെന്ന് ഉടമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: എ.ബി.വി.പി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിന്റെ മറവില്‍  വൈക്കം ടൗണില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.സി പരിശീലനകേന്ദ്രത്തിന് നേരെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അക്രമം.

ഗര്‍ഭിണികളുള്‍പ്പെടെയുള്ളവര്‍ പരിശീലനത്തിലെത്തുന്ന കേന്ദ്രത്തിലായിരുന്നു പഠിപ്പ് മുടക്കിന്റെ മറവില്‍ ഈ അതിക്രമം. സ്ത്രീകളടക്കം പ്രവര്‍ത്തകരോട് മടങ്ങിപ്പോകാന്‍ ഇവര്‍ ആക്രോശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കസേരകള്‍ ചവിട്ടിയെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്ഥാപനത്തില്‍ ഒരു മണിക്കൂറിലധികം പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ലെന്ന് സ്ഥാപനമുടമ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ ചേര്‍ന്നാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയയെന്ന്് സ്ഥാപനമുടമയും മുന്‍ എ.ബി.വി.പി നേതാവ് കൂടിയായിരുന്ന മനു പറഞ്ഞു.

അടുത്തിടെ നടന്ന ബി.ജെ.പിയുടെ സംസ്ഥാന ജാഥയ്ക്ക് ഇവര്‍ വന്‍ തുക സംഭാവനയായി ആവശ്യപ്പെട്ടിരുന്നെന്നും ചോദിച്ച തുക നല്‍കാത്തതിലുള്ള വൈരാഗ്യത്തിലാണ് ഇത്തരമൊരു നടപടിയെന്നും ഇദ്ദേഹം പറയുന്നു.

സംഭവം നടന്നുകൊണ്ടിരിക്കെ തന്നെ സ്ഥലം എസ.ഐയെ വിവരമറിയിച്ചുവെങ്കിലും ഒരു നടപടിയും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more