ട്രംപിനും അംബാനിക്കുമൊപ്പം കാണുന്ന മോദിയെ കര്‍ഷകര്‍ക്കൊപ്പം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ; തെരഞ്ഞെടുപ്പ് റാലിയില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
India
ട്രംപിനും അംബാനിക്കുമൊപ്പം കാണുന്ന മോദിയെ കര്‍ഷകര്‍ക്കൊപ്പം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ; തെരഞ്ഞെടുപ്പ് റാലിയില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2019, 4:48 pm

നൂഹ്(ഹരിയാന): ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബ്രിട്ടീഷുകാരെപ്പോലെ ആളുകളെ പരസ്പരം ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പിയും ആര്‍.എസ്.എസുമെന്ന് രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ നൂഹ് ജില്ലയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ആളുകളെ പരസ്പരം ഒന്നിപ്പിക്കുന്നു. ബി.ജെ.പിയോ അവര്‍ ആളുകളെ ഭിന്നിപ്പിക്കുകയാണ്. തമ്മിലടിപ്പിക്കുകയാണ്. എന്നാല്‍ മാത്രമേ അവര്‍ക്ക് നിലനില്‍പ്പുള്ളൂ. അത് അവര്‍ക്കറിയാം. -രാഹുല്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിങ്ങള്‍ യഥാര്‍ത്ഥ ദേശീയവാദികളാണെങ്കില്‍, എന്തിനാണ് നിങ്ങളുടെ സമ്പന്നരായ സുഹൃത്തുക്കള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

നരേന്ദ്ര മോദിയും ഖട്ടാറും നിങ്ങളുടെ കയ്യിലുള്ള പണം എടുത്ത് അവരുടെ പണക്കാരായ പതിനഞ്ച് സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്യുകയാണ്. അംബാനിയുടേയും അദാനിയുടേയും ലൗഡ് സ്പീക്കറായി പ്രവര്‍ത്തിക്കുകയാണ് മോദി. അവര്‍ക്ക് വേണ്ടി മാത്രമാണ് മോദി സംസാരിക്കുന്നത്.

നരേന്ദ്ര മോദിയെ നിങ്ങള്‍ക്ക് ട്രംപിനും അംബാനിക്കുമൊപ്പം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഒരിക്കലും അദ്ദേഹത്തെ കര്‍ഷകര്‍ക്കൊപ്പം കാണാന്‍ സാധിക്കില്ല.

സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാന്‍, നിങ്ങള്‍ ദരിദ്രരുടെയും കര്‍ഷകരുടെയും കീശകളില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്, അതിനാലാണ് ഞങ്ങള്‍ ന്യായ് യോജന നിര്‍ദ്ദേശിച്ചത്- രാഹുല്‍ ഗാന്ധി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ