|

യു.പിയില്‍ തെരഞ്ഞെടുപ്പ് അനുകൂലമാക്കാന്‍ ബി.ജെ.പി ഒത്തുകളി; ഫലപ്രഖ്യാപന ദിവസം തെളിവുകള്‍ പുറത്തുവിടുമെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ; ഉത്തര്‍പ്രദേശിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടത്തിയ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ യോഗി സര്‍ക്കാരിനെതിരെ ആരോപണുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

തെരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ഒത്തുകളിച്ചെന്നും അതിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നുമാണ് അഖിലേഷ് പറഞ്ഞത്.

ചതി, വഞ്ചന, അട്ടിമറി എന്നിവയിലൂടെ അധികാരത്തെ ദുരുപയോഗം ചെയ്യുകയാണ് ബി.ജെ.പി. വോട്ട് ചെയ്യാന്‍ ജനങ്ങളെ അനുവദിക്കാതെ തങ്ങള്‍ക്ക് അനുകൂലമായ അവസ്ഥ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നു- അഖിലേഷ് പറഞ്ഞു.

വോട്ടെടുപ്പില്‍ നടന്ന അട്ടിമറി സംബന്ധിച്ച തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസമായ നവംബര്‍ പത്തിന് ഇത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 22000 തവണ കള്ളം പറഞ്ഞ പ്രസിഡന്റ് അമേരിക്കയില്‍ ഭരണത്തിലിരുന്നുവെന്ന് അവിടുത്തെ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഇതുപോലെ ഇന്ത്യയിലെ പ്രധാനമന്ത്രിയും യു.പി മുഖ്യമന്ത്രിയും പറഞ്ഞ നുണകളുടെ എണ്ണമെടുത്താല്‍ അത് ലക്ഷണങ്ങള്‍ വരും- അഖിലേഷ് പറഞ്ഞു.

യു. പിയില്‍ മാത്രമല്ല ബീഹാറിലും നവംബര്‍ പത്തിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കുന്നത്. അതേസമയം ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ടൈംസ് നൗ-സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.

എന്‍.ഡി.എയ്ക്ക് 116 ഉം എല്‍.ജെ.പിയ്ക്കും ഒന്നും സീറ്റാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ക്ക് ആറ് സീറ്റ് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത്ത് സര്‍വ്വേയിലും മഹാസഖ്യത്തിനാണ് മുന്നേറ്റം. മഹാസഖ്യം 118 മുതല്‍ 139 വരെ സീറ്റും എന്‍.ഡി.എയ്ക്ക് 91 മുതല്‍ 117 സീറ്റുമാണ് പ്രവചിക്കുന്നത്.

എല്‍.ജെ.പിയ്ക്ക് 5-8 സീറ്റും റിപ്പബ്ലിക് ടി.വി- ജന്‍ കി ബാത് പ്രവചിക്കുന്നു. എ.ബി.പി എക്‌സിറ്റ് പോളും മഹാസഖ്യത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്‍.ഡി.എയ്ക്ക് 104-128 ഉം മഹാസഖ്യത്തിന് 108-131 ഉം സീറ്റാണ് പ്രവചനം.

അതേസമയം ഇന്ത്യാ ടി.വി എക്‌സിറ്റ് പോള്‍ പ്രകാരം എന്‍.ഡി.എയ്ക്കാണ് അനുകൂലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്‍.ഡി.എ 112 സീറ്റ് നേടുമെന്നും ഇന്ത്യാ ടി.വി പ്രവചിക്കുന്നു. മഹാസഖ്യത്തിന് 110 സീറ്റാണ് പ്രവചിക്കുന്നത്. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Akhilesh Yadav Slams BJP For Rigging Election