മുസാഫിര്‍നഗര്‍ കലാപക്കേസിലെ പ്രതികള്‍ക്ക് യു.പിയില്‍ സീറ്റ് നല്‍കി ബി.ജെ.പി
Daily News
മുസാഫിര്‍നഗര്‍ കലാപക്കേസിലെ പ്രതികള്‍ക്ക് യു.പിയില്‍ സീറ്റ് നല്‍കി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2017, 11:24 am

sangeeth-som


വിജയിക്കുന്നവര്‍ക്കാണ് തങ്ങള്‍ സീറ്റുനല്‍കാറുള്ളതെന്നും അങ്ങനെ വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പശ്ചാത്തലം എന്തായാലും അതൊന്നും പരിഗണിക്കാറില്ലെന്നും ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി


ലക്‌നൗ: 2013ലെ മുസാഫിര്‍നഗര്‍ കലാപത്തില്‍ ആരോപണവിധേയരായ സംഗീത് സോമിനും സുരേഷ് റാനയ്ക്കും ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി  ടിക്കറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കി ബി.ജെ.പി. സാര്‍ധന മണ്ഡലത്തില്‍ സംഗീത് സോമും, താന ഭവന്‍ മണ്ഡലത്തില്‍ സുരേഷ് റാണയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ബി.ജെ.പി തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ഈ ലിസ്റ്റിലാണ് മുസാഫിര്‍ നഗര്‍ കലാപത്തില്‍ പ്രധാന പങ്കുണ്ടെന്ന് കണ്ടെത്തിയ സംഗീത് സോമിനും സുരേഷ് റാണയ്ക്കും ഇടംനല്‍കിയിരിക്കുന്നത്.


Also Read:കേരളത്തിന്റെ ക്രമസമാധാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും: സംസ്ഥാന സര്‍ക്കാറിന് മോദി സര്‍ക്കാറിന്റെ ഭീഷണി


മുസാഫിര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ജസ്റ്റിസ് വിഷ്ണു സഹായി കമ്മീഷന്‍ ഇരുവര്‍ക്കെതിരെയും കുറ്റംചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ യു.പിയിലെ അഖിലേഷ് യാദവ് സര്‍ക്കാര്‍ ഈ നേതാക്കളോട് മൃദു സമീപനം സ്വീകരിക്കുകയായിരുന്നു.

വിജയിക്കുന്നവര്‍ക്കാണ് തങ്ങള്‍ സീറ്റുനല്‍കാറുള്ളതെന്നും അങ്ങനെ വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെ പശ്ചാത്തലം എന്തായാലും അതൊന്നും പരിഗണിക്കാറില്ലെന്നും ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരി പറയുന്നതിന്റെ വീഡിയോ കഴിഞ്ഞയാഴ്ചകളില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഈ വാദത്തെ ശരിവെക്കുന്നതാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക.


Must Read:ലോകബാങ്കിനു പിന്നാലെ ഐ.എം.എഫും: നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.6 ശതമാനമായി കുറക്കുമെന്ന് റിപ്പോര്‍ട്ട്


149 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ആദ്യ ഘട്ടത്തില്‍ ബി.ജെ.പി പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷം സീറ്റുകളും നല്‍കിയത് കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി പാര്‍ട്ടികളില്‍ നിന്നും വിട്ട് ബി.ജെ.പിയിലേക്കു കുടിയേറിയവര്‍ക്കാണ്.