| Friday, 21st June 2024, 5:34 pm

മോദിയെ അമിതമായി ആശ്രയിച്ചു, വേണ്ടത്ര പണിയെടുത്തില്ല; രാജസ്ഥാനിൽ പാർട്ടിക്കേറ്റ തിരിച്ചടിയിൽ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്‌പൂർ: രാജസ്ഥാനിൽ ബി.ജെ.പി തോറ്റതിന്റെ കാരണങ്ങൾ അവലോകനം ചെയ്ത് പാർട്ടി. 25 ലോക്സഭാ സീറ്റിൽ നിന്നും ബി.ജെ.പി 14 സീറ്റിലേക്ക് ചുരുങ്ങിയതിന്റെ പ്രധാനകാരണങ്ങളായിരുന്നു പാർട്ടി അവലോകനം ചെയ്തത്.

മോദിയെ അമിതമായി ആശ്രയിച്ചതും, 400 സീറ്റെന്ന അമിത ആത്മവിശ്വാസവും കർഷകരുടെ സമരവും ഗുസ്തി താരങ്ങളുടെ പ്രതിഷേധവും പാർട്ടിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാനഘടകത്തോട് റിപ്പോർട്ട് തേടിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ദൽഹിയിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാന ഘടകം കഴിഞ്ഞയാഴ്ച അവലോകന യോഗം ചേർന്നു. ‘മുഖ്യമന്ത്രി ശർമ, സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷി, മുൻ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികൾ എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതാക്കൾ പങ്കെടുത്തു.

കോൺഗ്രസ് ഉപയോഗിച്ച ‘400- പാർ ‘ മുദ്രാവാക്യം കാരണം ഞങ്ങൾക്ക് വോട്ട് ചെയ്തിരുന്ന പട്ടികജാതി (എസ്‌.സി) വോട്ട് ബാങ്ക് ഞങ്ങളിൽ നിന്ന് അകന്നതായി ചർച്ചയിൽ വ്യക്തമായി. ഭേദഗതി വരുത്തി സംവരണം ഇല്ലാതാക്കും. കോൺഗ്രസ് പ്രവർത്തകർ അവരുടെ സമീപനത്തിൽ തികച്ചും ആക്രമണോത്സുകരായപ്പോൾ, ബി.ജെ.പി പ്രവർത്തകർ നിസ്സംഗത കാണിച്ചു,’ ഒരു മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു.

കിട്ടുമെന്ന് കരുതിയ വോട്ട് കിട്ടിയില്ലെന്നും പ്രവർത്തകർ കാര്യമായി പണിയെടുത്തില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. എല്ലാവരും അവർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ എല്ലാം പ്രധാനമന്ത്രി ചെയ്‌തോളും എന്ന് കരുതിയെന്നും നേതാവ് കൂട്ടിച്ചേർത്തു. നിയമസഭാ
തെരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആത്മവിശ്വാസം ലോക്സഭാ തെരഞ്ഞെടുപ്പിൽ സഹായകമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ഘടകത്തിനുള്ളിലെ ജാതി സമവാക്യങ്ങളും പാർട്ടിയിലെ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് മറ്റൊരു മുതിർന്ന നേതാവ് പറഞ്ഞു. ‘മുഖ്യമന്ത്രി ബ്രാഹ്മണനാണ്, സംസ്ഥാന അധ്യക്ഷൻ ബ്രാഹ്മണനാണ്, മറ്റ് ഉന്നത പദവികൾ വഹിക്കുന്ന നിരവധി നേതാക്കൾ ബ്രാഹ്മണരാണ്, അതിനാൽ സംസ്ഥാന പ്രസിഡൻ്റിനെയും മാറ്റണോ എന്ന ചർച്ചയാണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്. ചർച്ചകൾ പുരോഗമിക്കുകയാണ്,’ നേതാവ് പറഞ്ഞു

കോൺഗ്രസിനെ എതിർക്കാൻ കഴിയാതിരുന്നതും കർഷക സമരം പ്രതിപക്ഷം വലിയ തോതിൽ ഉയർത്തികൊണ്ടുവന്നതും പാർട്ടിക്ക് തിരിച്ചടിയായെന്നും നേതാക്കൾ വിലയിരുത്തി.

Content Highlight: BJP reviews Rajasthan poll debacle, cites over-reliance on Brand Modi, ‘400-paar’ slogan, farmers’ stir

We use cookies to give you the best possible experience. Learn more