| Thursday, 23rd September 2021, 1:24 pm

കുറ്റം മുഴുവന്‍ ആര്‍.എസ്.എസിന്, പ്രചാരണത്തില്‍ സഹായിച്ചില്ലെന്ന് പരാതി; കേരളത്തിലെ തോല്‍വിക്ക് കാരണം ആര്‍.എസ്.എസ്സെന്ന് ബി.ജെ.പി അവലോകന റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ തോല്‍വിക്ക് കാരണം ആര്‍.എസ്.എസ് ആണെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ബി.ജെ.പി പ്രവര്‍ത്തകരുമായി ഒത്തുപോകാന്‍ ആര്‍.എസ്.എസിന് കഴിഞ്ഞില്ലെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പിനായി നിയോഗിച്ച ആര്‍.എസ്.എസ് സംയോജകര്‍ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഔദ്യോഗിക റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന് കൈമാറി.

സംസ്ഥാന നേതാക്കളായ എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, സുധീന്‍ എന്നിവരാണ് മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരുമായി സംവദിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വലിയ പരാജയമാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായത്. 2016 ല്‍ എന്‍.ഡി.എയ്ക്ക് കേരളത്തില്‍ 14.93 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 2021 ല്‍ അത് 12.47 ശതമാനമായി ചുരുങ്ങി.

ആകെയുണ്ടായിരുന്ന നേമം സീറ്റും ബി.ജെ.പിക്ക് നഷ്ടമായി. അതേസമയം സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് നേരത്തെ ബി.ജെ.പി കോര്‍കമ്മറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ ഈ ആവശ്യം വി. മുരളീധര പക്ഷം തള്ളുകയായിരുന്നു. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്റും സംഘടനാ സെക്രട്ടറിയും ഏറ്റെടുക്കണമെന്ന മുന്‍നിലപാട് കൃഷ്ണദാസ് പക്ഷം കോര്‍ കമ്മറ്റിയില്‍ എടുത്തിരുന്നു.

എന്നാല്‍ തോല്‍വിക്ക് കാരണം സംഘപരിവാര്‍ സംഘടനകളുടെയടക്കം മൊത്തം സംഘടന സംവിധാനത്തിന്റെ തോല്‍വിയാണെന്നായിരുന്നു മുരളീധരവിഭാഗത്തിന്റെ വാദം. ഈ വാദത്തിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more