ന്യൂദൽഹി: ദൽഹിയിൽ വീണ്ടും വർഗീയ രാഷ്ട്രീയവുമായി ബി.ജെ.പി. നവരാത്രി ദിനങ്ങളിൽ കടകൾക്ക് മുന്നിൽ കടയുടമയുടെ പേരും മതവും മറ്റ് വിവരങ്ങളും പ്രദർശിപ്പിക്കാൻ നിർദേശം നൽകണമെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ച് ബി.ജെ.പി നേതാവ്.
നവരാത്രി ദിനത്തിൽ സാധനങ്ങൾ വാങ്ങുമ്പോൾ ആളുകൾക്ക് ഏത് മതത്തിൽപ്പെട്ട കടക്കാരന്റെ കൈയിൽ നിന്നാണ് വാങ്ങുന്നതെന്ന് തിരിച്ചറിയാൻ വേണ്ടിയാണിത്. ദൽഹിയിലെ കടയുടമകൾ അവരുടെ യഥാർത്ഥ പേരും ആധാർ വിവരങ്ങളും കടകളിൽ പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ തർവീന്ദർ മർവ ആവശ്യപ്പെട്ടു.
പരസ്പര ബഹുമാനത്തോടെയും ഐക്യത്തോടെയും ആഘോഷങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് അയച്ച കത്തിൽ ജങ്പുര എം.എൽ.എ പറയുന്നുണ്ട്.
‘ദൽഹിയിലുടനീളമുള്ള കടയുടമകൾക്ക് സ്ഥാപനങ്ങൾക്ക് മുന്നിൽ നെയിംപ്ലേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള മാർഗനിർദ്ദേശം പുറപ്പെടുവിക്കാൻ ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു,’ മർവ മാർച്ച് 30ന് എഴുതിയ കത്തിൽ പറഞ്ഞു.
‘പുണ്യവസ്തുക്കൾ’ വാങ്ങുമ്പോഴും ആചാരങ്ങളുടെ പവിത്രത നിലനിർത്തുമ്പോഴും ആരുടെ കടയിൽ നിന്നാണ് വാങ്ങുന്നതെന്ന് അറിയാൻ ഈ നീക്കം ആളുകളെ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആവശ്യം ഒരു പ്രത്യേക വിഭാഗത്തിനെതിരെയുമല്ലെന്നും ഈദ് പ്രമാണിച്ച് പേരുകൾ പ്രദർശിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
ഈ നടപടി സുതാര്യതയും സാമുദായിക ഐക്യവും പ്രോത്സാഹിപ്പിക്കുമെന്ന് മർവ വാദിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടൽ ആഘോഷങ്ങൾ സുഗമമായി നടക്കാനും തെറ്റിദ്ധാരണകൾ തടയാനും സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘പല കടയുടമകളും വ്യത്യസ്ത പേരുകൾ കടകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് എനിക്ക് പരാതികൾ ലഭിച്ചു. ഞാൻ അത് സ്വയം പരിശോധിച്ചപ്പോൾ അത് ശരിയാണെന്ന് കണ്ടെത്തി. അതിനാൽ യഥാർത്ഥ കടയുടമയുടെ പേരും അവരുടെ ആധാർ വിവരങ്ങളും പ്രദർശിപ്പിക്കണം,’ ബിജെപി എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.
2024 നവംബറിൽ, നജഫ്ഗഡിലെ ഒരു ബി.ജെ.പി കൗൺസിലർ തെരുവ് കച്ചവടക്കാർ അവരുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. അതുവഴി അവരിൽ ഏതെങ്കിലും ‘നിയമവിരുദ്ധ ബംഗ്ലാദേശി’ അല്ലെങ്കിൽ ‘റോഹിംഗ്യൻ അഭയാർത്ഥികൾ’ എന്നിവരുണ്ടോയെന്ന് തിരിച്ചറിയാൻ കഴിയുമെന്ന വിവാദ പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു.
Content Highlight: BJP renews communal identity politics, targets shopkeepers again