ഗുജറാത്തില്‍ ഒളിമ്പിക്‌സ് നടത്തും, രാജ്യവിരുദ്ധരെ കണ്ടെത്താന്‍ പദ്ധതി, മതപരിവര്‍ത്തനത്തിന് തടവും പിഴയും; പ്രകടന പത്രികയുമായി ബി.ജെ.പി
national news
ഗുജറാത്തില്‍ ഒളിമ്പിക്‌സ് നടത്തും, രാജ്യവിരുദ്ധരെ കണ്ടെത്താന്‍ പദ്ധതി, മതപരിവര്‍ത്തനത്തിന് തടവും പിഴയും; പ്രകടന പത്രികയുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th November 2022, 6:26 pm

അഹമ്മദാബാദ്: ഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി. 2036ല്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ‘ഗുജറാത്ത് ഒളിമ്പിക്‌സ് മിഷന്‍’ ആരംഭിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രധാന വാഗ്ദാനം.

രാജ്യവിരുദ്ധ ശക്തികളെ ഇല്ലാതാക്കാനും, തീവ്രവാദ സംഘടനകളിലെ സ്ലീപ്പര്‍ സെല്ലുകളെ കണ്ടെത്താനുമായി ‘ആന്റി-റാഡിക്കലൈസേഷന്‍ സെല്‍'(anti-radicalisation cell) രൂപീകരിക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു.

വഖഫ് ബോര്‍ഡിന്റെ ആസ്തികളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനും മദ്രസകളുടെ പാഠ്യപദ്ധതി സംബന്ധിച്ച് സര്‍വേകള്‍ നടത്താനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഗുജറാത്ത് മതസ്വാതന്ത്ര്യ ആക്ട് പ്രകാരം(Gujarat Freedom of Religion (Amendment) Act, 2021) കഠിന തടവും പിഴയും കൊണ്ടുവരുമെന്നും പ്രകടന പത്രികയിലുണ്ട്.

പ്രകടന പത്രികയില്‍ മറ്റ് പ്രധാന വാഗ്ദാനങ്ങള്‍:

20 ലക്ഷം തൊഴിലവസരങ്ങള്‍

ഗുജറാത്ത് ഏക സിവില്‍ കോഡ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കല്‍.

ദരിദ്രര്‍ക്കും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗര്‍ഭിണികള്‍ക്കും പ്രതിമാസ പോഷകാഹാരം.

പൊതു-സ്വകാര്യ സ്വത്തുക്കളുടെ നാശനഷ്ടങ്ങള്‍ വീണ്ടെടുക്കാനായി നിയമം.

വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ സാനിറ്ററി നാപ്കിനുകള്‍.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി ഇലക്ട്രിക് സ്‌കൂട്ടറുകളും, സൈക്കിളുകളും.

എല്ലാ വര്‍ഷവും രണ്ട് സൗജന്യ എല്‍.പി.ജി സിലിന്‍ഡറുകള്‍.

സ്ത്രീകള്‍ക്കും, മുതിര്‍ന്നവര്‍ക്കും സൗജന്യ ബസ് യാത്ര.

അതേസമയം, 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്.

Content Highlight: BJP releases manifesto, promises to host Olympic Games in state