| Thursday, 31st August 2023, 8:29 am

ഇന്ത്യ മുന്നണിയുടെ യോഗം നടക്കാനിരിക്കെ മോദിയുടെ ടെര്‍മിനേറ്റര്‍ പോസ്റ്റര്‍ പുറത്തിറക്കി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദി ടെര്‍മിനേറ്റര്‍ സിനിമയിലെ സൈബര്‍ഗ് കഥാപാത്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചിത്രീകരിച്ച് പോസ്റ്റര്‍ പുറത്തിറക്കി ബി.ജെ.പി. ഞാന്‍ തിരിച്ചുവരും എന്ന ക്യാപ്ഷനോട് കൂടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യക്ക് പ്രധാനമന്ത്രിയെ പരാജയപ്പെടുത്താനാവില്ലെന്ന് ബി.ജെ.പി പറഞ്ഞു.

‘പ്രതിപക്ഷ സഖ്യം പ്രധാനമന്ത്രിയെ പരാജയപ്പെടുത്താനാകുമെന്നാണ് കരുതുന്നത്. അത് അവരുടെ സ്വപ്‌നം മാത്രമാണ്. ടെര്‍മിനേറ്റര്‍ ആണ് എപ്പോഴും വിജയിക്കുക,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി കുറിച്ചിരിക്കുന്നത്.

ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗം മുംബൈയില്‍ വെച്ച് ഇന്ന് നടക്കാനിരിക്കെയാണ് ബി.ജെ.പി പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. സബര്‍ബന്‍ മുംബൈ ലക്ഷ്വറി ഹോട്ടലിലാണ് യോഗം നടക്കുക. യോഗത്തിന്റെ സംഘാടക ചുമതല മഹാ വികാസ് അഘാഡി സഖ്യത്തിനാണ്. ഇന്ത്യ സഖ്യത്തിന്റെ ലോഗോ ഇന്ന് അനാച്ഛാദനം ചെയ്യുമെന്നാണ് സൂചന. യോഗത്തില്‍ ഏകോപന സമിതിയെ തെരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന കാര്യത്തിലും യോഗത്തില്‍ ചര്‍ച്ച നടക്കും.

ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയാകും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. കണ്‍വീനറെ കണ്ടെത്താനുള്ള ചര്‍ച്ചകളും ഇന്ന് യോഗത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പാചക വാതക സിലിണ്ടറുകളുടെ വില കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യ സഖ്യത്തിന്റെ മൂന്നാം യോഗത്തിന് ശേഷം ഇന്ധനവിലയും കുറയുമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പരിഹസിച്ചു.

‘ഇന്ത്യന്‍ സഖ്യത്തിന്റെ പട്നയിലെയും ബെംഗളൂരുവിലെയും യോഗത്തിന് ശേഷം എല്‍.പി.ജിയുടെ വില 200 രൂപ കുറച്ചു. മുംബൈ യോഗത്തിന് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന് ഉറപ്പാണ്,’ എന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുന്നതിനായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യ സഖ്യം രൂപീകരിച്ചത്. സഖ്യത്തിന്റെ ആദ്യ യോഗം പട്നയിലും രണ്ടാം യോഗം ബെംഗളൂരുവിലുമായിരുന്നത് നടന്നത്. ബെംഗളൂരുവില്‍ വെച്ച് നടന്ന യോഗത്തിലാണ് പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യയെന്ന് പേരിട്ടത്.

Content Highlights: BJP released modi’s terminator poster ahead of opposition meet

We use cookies to give you the best possible experience. Learn more