തിരുവനന്തപുരം: സാധാരണക്കാർക്ക് സൗജന്യ ചികിത്സ ഉറപ്പ് വരുത്തുന്ന കേരള സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ വ്യാജ കാർഡുകൾ ഇറക്കി ബി.ജെ.പി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണെന്ന് വ്യാജപ്രചരണം നടത്തിയാണ് വ്യാജ കാർഡുകൾ വിതരണം നടത്തിയത്.
ബി.ജെ.പി നിയന്ത്രണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയന്ത്രണത്തിലുള്ള വാർഡുകളിലുമാണ് വ്യാജ കാർഡുകൾ വിതരണം ചെയ്തത്. ആരോഗ്യ വകുപ്പ് അറിയാതെ ബി.ജെ.പി പ്രവർത്തകർ ക്യാമ്പ് നടത്തി കാർഡുകൾ വിതരണം ചെയ്യുകയായിരുന്നു. പണം വാങ്ങിയുള്ള കാർഡ് വിതരണത്തിലൂടെ ബി.ജെ.പി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് വിമർശനങ്ങൾ ഉയർന്നു.
സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ നടപ്പിലാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾക്ക് സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ്. പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. കാസ്പ് വഴി സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാകും. ഇത്തരം ആശുപത്രികളിൽ സജ്ജമാക്കിയ കാപ്‌സ് കിയോസ്കുകൾ മുഖേനെ മാത്രമാണ് അനുബന്ധ സേവനങ്ങൾ ലഭ്യമാവുക. ഇതിനായി പണച്ചിലവുകൾ ഒന്നും തന്നെയില്ല.
പ്രാദേശികമായി ബി.ജെ.പി നടത്തിയ ക്യാമ്പിലൂടെ ലഭിക്കുന്ന കാരുണ്യ പദ്ധതിയുടെ കാർഡുകൾ ഉപയോഗ ശൂന്യമാണ്. ഇത്തരത്തിലുള്ള കാർഡുമായി ആശുപത്രികളെ സമീപിച്ചാൽ ആനുകൂല്യം ലഭിക്കുകയില്ല. ഇത്തരത്തിൽ വ്യാജ കാർഡുകളുണ്ടാക്കി വില്പന നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് കേരളം ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
പദ്ധതിയിൽ ഗുണഭോക്താക്കളെ പുതുതായി ഉൾപ്പെടുത്താനോ കാർഡ് പ്രിന്റ് ചെയ്ത് നൽകാനോ പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതിനാൽ തന്നെ സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്ത പക്ഷം ഇത്തരം ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധമായ എൻറോൾമെന്റ് ക്യാമ്പുകളിൽ പങ്കെടുക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പണം നൽകി കാർഡ് പ്രിന്റ് ചെയ്ത് വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് വീണ ജോർജ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്
അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും കാർഡ് പുതുക്കി നൽകുന്നുവെന്നും തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതായും കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Content Highlight:BJP released fake card of Karunya Arogya Yojana; Propaganda that the plan of the Centre