കണ്ണൂര്‍: ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സര്‍ക്കുലറാണെന്ന് ആരോപിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ബി.ജെ.പി നേതാക്കള്‍ പരാതി നല്‍കി. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പി നടത്തുന്ന സമരത്തെ തകര്‍ക്കാനായി രാഷ്ട്രീയ ശത്രുക്കള്‍ പുറത്തിറക്കിയ വ്യാജ സര്‍ക്കുലറാണെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.
ജില്ലാ കമ്മിറ്റി ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയശേഷം ആ വിലാസത്തില്‍ ലെറ്റര്‍ പാഡ് ജില്ലാ കമ്മിറ്റി ഇതുവരെ അച്ചടിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രചരിക്കുന്ന സര്‍ക്കുലറില്‍ പുതിയ ഓഫിസിന്റെ വിലാസമാണുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.
ശബരിമലയിലെത്താന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിക്കുന്ന സര്‍ക്കുലറില്‍ അടുത്തമാസം രണ്ടാം തിയ്യതി ജില്ലാ കമ്മിറ്റി ഓഫിസില്‍ പരിശീലനത്തിന് എത്താനും നിര്‍ദേശമുണ്ട്. നാല് മണ്ഡലങ്ങളില്‍നിന്ന് എത്തിച്ചേരണ്ടവരുടെ എണ്ണവും ചുമതലയുള്ള ജില്ലാ നേതാക്കളുടെ വിവരങ്ങളും അടങ്ങിയതാണ് സര്‍ക്കുലര്‍.
പരിശീലനം നേടിയ പ്രവര്‍ത്തകര്‍ കൈസഞ്ചിയില്‍ ആവശ്യമായ സാധനങ്ങള്‍ കരുതണമെന്നും നിര്‍ദേശമുണ്ട്. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശിന്റെ പേരും ഒപ്പും സീലും സര്‍ക്കുലറിലുണ്ട്.
സര്‍ക്കുലറിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. “സഞ്ചിയില്‍ സാധന സാമഗ്രികള്‍ കൊണ്ടുവരണമെന്നും പറയുന്നു. എന്താണീ സാധാന സാമഗ്രികള്‍. ഇതേ കുറിച്ച് പൊലീസ് അന്വേഷിച്ച് കോടതിയ്ക്ക് മറുപടി നല്‍കണമെന്നും” ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
അതേസമയം, ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തയ്യാറാക്കിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
മൂന്ന് നിയോജക മണ്ഡലങ്ങള്‍ക്കായി ഓരോ ജില്ലാ ഭാരവാഹിയെ ചുമതലക്കാരനാക്കിയാണ് പ്രവര്‍ത്തകരെ ശബരിമലയിലെത്തിക്കാന്‍ നീക്കം നടക്കുന്നത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ പേരിലാണ് സര്‍ക്കുലര്‍. സര്‍ക്കുലര്‍ ശരിവെച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ശബരിമലയില്‍ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ എത്തിക്കേണ്ടതിന്റെ ചുമതല ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കള്‍ക്കാണ്. ഒരു ദിവസം കുറഞ്ഞത് മൂന്നു നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ശബരിമലയിലുണ്ടാകും. വരുന്ന മൂന്നു ദിവസം കൊല്ലം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് സന്നിധാനത്തെത്തുക.
പൊലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് ഭക്തരുടെ താല്‍പര്യം സംരക്ഷിക്കാനും ഇടപെടാനും സംസ്ഥാന നേതാക്കള്‍ക്കും പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്. പോഷക സംഘടനാ ഭാരവാഹികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ബി.ജെ.പി സംസ്ഥാന കാര്യാലയത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സര്‍ക്കുലറില്‍ പറയുന്നത്.