| Thursday, 2nd November 2017, 10:38 am

ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിനായി മഹാരാഷ്ട്രയില്‍ നിന്നും 250 മുസ്‌ലിംങ്ങളെ 'വിലക്കെടുത്ത്' ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി മഹാരാഷ്ട്രയില്‍ നിന്നും മുസ്‌ലിംങ്ങളെ ഇറക്കുന്നു. 250 പേരടങ്ങുന്ന സംഘത്തെയാണ് പ്രചരണത്തിന് ഇറക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലാണ് ഗുജറാത്തിലേക്ക് ആളെ ഇറക്കി കൊടുക്കുന്നത്.

നവംബര്‍ 4,5 ദിവസങ്ങളില്‍ ആദ്യ സംഘം ഗുജറാത്തിലേക്ക് യാത്രതിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങളില്ല. “സബ് കാ സാത്ത് സബ് കാ വികാസ്” എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേന്ദ്രത്തിന്റെയും ഗുജറാത്ത് സര്‍ക്കാരിന്റെയും വിവിധ പദ്ധതികള്‍  മുസ്‌ലിംങ്ങള്‍ക്ക് ഉപകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ മുസ്‌ലിം വോട്ടര്‍മാരെ ഇക്കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. മുംബൈ ബി.ജെ.പി വൈസ് പ്രസിഡന്റ് ഹൈദര്‍ അസം പറഞ്ഞു.

ഇതുവരെ മുസ്‌ലിംങ്ങള്‍ ബി.ജെ.പിയെ നിശബ്ദമായാണ് പിന്തുണച്ച് കൊണ്ടിരുന്നത്. ഇത്തവണ പിന്തുണ തുറന്നു പറയാന്‍ ആവശ്യപ്പെടുകയാണെന്ന് മൈനോറിറ്റി മോര്‍ച്ച പ്രസിഡന്റ് വസീംഖാന്‍ പറഞ്ഞു.

1980ന് ശേഷം ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ മാത്രമാണ് (1998) ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇറക്കിയിട്ടുള്ളത്. ഇയാള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more