പിന്തുണ പിന്‍വലിച്ചത് രാജ്യതാത്പര്യം മുന്‍നിര്‍ത്തി; സര്‍ക്കാരിനെയാണ് ഉപേക്ഷിച്ചത് കാശ്മീരിനെയല്ലെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്
national news
പിന്തുണ പിന്‍വലിച്ചത് രാജ്യതാത്പര്യം മുന്‍നിര്‍ത്തി; സര്‍ക്കാരിനെയാണ് ഉപേക്ഷിച്ചത് കാശ്മീരിനെയല്ലെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th June 2018, 4:30 pm

ന്യൂദല്‍ഹി: കാശ്മീരില്‍ മെഹ്ബൂബ മുഫ്തി സര്‍ക്കാരിന് നല്‍കിപ്പോന്ന പിന്തുണ പിന്‍വലിച്ചത് രാഷ്ട്ര താത്പര്യം കൂടി മുന്‍നിര്‍ത്തിയാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറിയും ജമ്മുകാശ്മീര്‍ പാര്‍ട്ടി ഇന്‍ ചാര്‍ജുമായ രാം മാധവ്.

സര്‍ക്കാരിനെയാണ് തങ്ങള്‍ ഉപേക്ഷിച്ചതെന്നും കാശ്മീരിനെയല്ലെന്നും രാം മാധവ് പറഞ്ഞു. കാശ്മീരില്‍ എന്തായിരുന്നോ തങ്ങളുടെ അജണ്ട, അത് തുടര്‍ന്നുപോരുമെന്നും ഇന്ത്യാ ടുഡേയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

രാഷ്ട്രത്തിന്റെ താത്പര്യം കൂടി മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കാശ്മീരില്‍ തങ്ങള്‍ക്ക് മതിയായ രാഷ്ട്രീയ പുരോഗതി ഉണ്ടാക്കാന്‍ കഴിയില്ലെന്നും രാം മാധവ് പറഞ്ഞു.


Also Read ഗോ മന്ത്രാലയം ആരംഭിക്കണം; മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്ക് മുന്‍പില്‍ ആവശ്യവുമായി സ്വാമി അഖിലേശ്വരാനന്ദ ഗിരി


“ആ സമയം അത് ആവശ്യപ്പെട്ടതുകൊണ്ടാണ് പി.ഡി.പിക്ക് പിന്തുണ നല്‍കാന്‍ ഞങ്ങള്‍ തയ്യാറായത്. രണ്ട് വര്‍ഷം കൂടി അവര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. വിവിധ മുന്നണികള്‍ക്കായി ഞങ്ങള്‍ ശ്രമിച്ചിരുന്നു. ചിലതില്‍ വിജയിച്ചു. ചിലതില്‍ പരാജയപ്പെട്ടു”- രാം മാധവ് പറയുന്നു.

കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനായി ചില നിര്‍ദേശങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കാശ്മീരിന്റെ വികസനം ഉറപ്പുവരുത്തണം. മേഖലയില്‍ ഭീകരാക്രമണം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും, ജനങ്ങളുമായുള്ള ഇടപെടല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും രാം മാധവ് പറഞ്ഞു