കർഷക പ്രതിഷേധത്തിൽ അടിതെറ്റി ബി.ജെ.പി; ഹരിയാനയിൽ ബി.ജെ.പി പ്രചരണ റാലികൾ റദ്ദാക്കി
natioanl news
കർഷക പ്രതിഷേധത്തിൽ അടിതെറ്റി ബി.ജെ.പി; ഹരിയാനയിൽ ബി.ജെ.പി പ്രചരണ റാലികൾ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2024, 8:05 am

ഛണ്ഡീഗഡ്: ഹരിയാനയില്‍ കര്‍ഷക പ്രക്ഷോഭത്തില്‍ അടിപതറി ബി.ജെ.പി. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലികള്‍ ബി.ജെ.പി റദ്ദാക്കി. മെയ് 18ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണ റാലിയില്‍ നിലവില്‍ അനിശ്ചിതത്വത്തിലാണ്.

മുന്‍ മുഖ്യമന്ത്രിയും കര്‍ണാല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ മനോഹര്‍ലാല്‍ ഖട്ടര്‍ അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ റാലികളാണ് റദ്ദാക്കിയത്. കര്‍ഷക സമരത്തില്‍ മരണപ്പെട്ടവരെ ഭ്രാന്തമാര്‍ എന്ന് വിളിച്ച സംഭവമാണ് ഖട്ടറിനെതിരെയുള്ള പ്രതിഷേധം കനക്കാന്‍ കാരണമായത്.

ഖട്ടറിന് പുറമെ സിര്‍സയില്‍ അശോക് തന്‍വാര്‍, അമ്പാലയില്‍ ബന്റോ കതാരിയ, സോനിപതില്‍ മോഹന്‍ ലാല്‍ ബാധോലി, റോഹ്തക്കില്‍ അരവിന്ദ് ശര്‍മ, കുരുക്ഷേത്രയില്‍ നവീന്‍ ജിന്‍ഡാല്‍ എന്നീ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെയും കര്‍ഷകര്‍ പ്രതിഷേധത്തില്‍ റദ്ദാക്കി.

ബി.ജെ.പി വിരുദ്ധ ബാനറുകളും കരിങ്കൊടികള്‍ ഉയര്‍ത്തിയുമാണ് കര്‍ഷകര്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. അമ്പാലയിലെ മാല്‍വ ഗ്രാമത്തില്‍ കര്‍ഷകര്‍ ബി.ജെ.പിക്ക് വിലക്കുമേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് പിന്നീട് സംസ്ഥാനത്താകമാനം വ്യാപിക്കുകയുണ്ടായി. സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയത വിഭാഗം) പ്രവര്‍ത്തകരാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മിനിമം താങ്ങുവില ഉറപ്പാക്കുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭവും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കുള്ള വിലക്കും തുടരുമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. അതേസമയം ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറിയിട്ടും ജെ.ജെ.പിക്കെതിരെ കര്‍ഷകര്‍ വ്യാപകമായി പ്രതിഷേധം നടത്തുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹരിയാനയ്ക്ക് പുറമെ പഞ്ചാബിലും ബി.ജെ.പി പ്രതിസന്ധിയിലാണ്. സ്വതന്ത്ര എം.പിമാര്‍ നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കും മുന്‍ എം.പിമാര്‍ സഖ്യം വിടുന്നതും ബി.ജെ.പിക്ക് സംസ്ഥാനത്ത് തിരിച്ചടിയാവുന്നത്. ഹരിയാനയിലേതിന് സമാനമായി കര്‍ഷക പ്രതിഷേധം പഞ്ചാബിലും വ്യാപിക്കുകയാണ്.

ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് പഞ്ചാബിലെ ഗ്രാമങ്ങളും വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്. ഹാസന്‍സ് രാജ് ഹാന്‍സും രവ്നീത് സിങ് ബിട്ടുവും കര്‍ഷക പ്രതിഷേധം നേരിടുകയാണ്. പട്യാലയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തടഞ്ഞതിന് പിന്നാലെയുണ്ടായ പൊലീസ് ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ മെയില്‍ മരണപ്പെടുകയുമുണ്ടായി.

Content Highlight: BJP rallies canceled in Haryana