| Saturday, 17th November 2018, 11:09 pm

ടി.എം കൃഷ്ണയുടെ പരിപാടി നടത്തുമെന്ന് പറഞ്ഞ ദല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് ബി.ജെ.പി രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടി.എം കൃഷ്ണയുടെ സംഗീത പരിപാടി നടത്താന്‍ തീരുമാനിച്ച എ.എ.പി സര്‍ക്കാരിനെതിരെ ബി.ജെ.പി. “അര്‍ബന്‍ നക്‌സലിസവുമായി” കൃഷ്ണയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ദല്‍ഹിലെ ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്തയുടെ പ്രസ്താവന.

“അര്‍ബന്‍ നക്‌സലിസവുമായി നേരിട്ടോ അല്ലാതെയോ ഉള്ള ബന്ധത്തിന്റെ പേരില്‍ പ്രതിഛായ ചോദ്യം ചെയ്യപ്പെട്ട ടി.എം കൃഷ്ണയുടെ പരിപാടി നടത്തുകയാണ് ദല്‍ഹി സര്‍ക്കാര്‍. ദല്‍ഹിയുടെ വികസനത്തെക്കുറിച്ച് അവര്‍ക്ക് യാതൊരു ചിന്തയുമില്ല”- വിജേന്ദര്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.


കൃഷ്ണയുടെ പരിപാടി നടത്തുന്നതോടെ ദേശവിരുദ്ധമായ ശക്തികളുമായി എ.എ.പി സഖ്യം ചേരുകയാണെന്നും വിജേന്ദര്‍ ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളിലുള്ള എ.എ.പിയുടെ രാഷ്ട്രീയ താല്‍പര്യമാണിതിന് കാരണമെന്നും വിജേന്ദര്‍ പറഞ്ഞു.

നവംബര്‍ 17, 18 തിയതികളിലായി ദല്‍ഹി ചാണക്യപുരിയിലെ നെഹ്റു പാര്‍ക്കില്‍ നടത്താനിരുന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിപാടി സംഘപരിവാറിന്റെ ഇടപെടല്‍ മൂലം മാറ്റിവെച്ചിരുന്നു. ടി.എം കൃഷ്ണയ്‌ക്കെതിരെ, ജീസസിനും അല്ലാഹുവിനും വേണ്ടി പാടുന്നവന്‍, “ഇന്ത്യാവിരുദ്ധന്‍”, “അര്‍ബന്‍ നക്സല്‍”, എന്നിങ്ങനെയുള്ള സംഘപരിവാറിന്റെ പ്രചരണമാണ് പരിപാടി റദ്ദ് ചെയ്യുന്നതിലേക്ക് നയിച്ചത്.


Read More സംഘപരിവാര്‍ ഭീഷണിയ്ക്ക് ആം ആദ്മിയുടെ മറുപടി; ടി.എം കൃഷ്ണയുടെ സംഗീതനിശ ദല്‍ഹിയില്‍ നടത്താന്‍ ആം ആദ്മി സര്‍ക്കാര്‍


എന്നാല്‍ റദ്ദ് ചെയ്ത പരിപാടിക്കു പകരം ദല്‍ഹി സര്‍ക്കാര്‍ കൃഷ്ണയുടെ പരിപാടി നടത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തു വരികയായിരുന്നു.

We use cookies to give you the best possible experience. Learn more