മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും ശിവസേന-ബി.ജെ.പി വാക്‌പോര് മുറുകുന്നു. സേന പുറത്തിറക്കിയ ഉറുദു കലണ്ടറാണ് ഇപ്പോഴത്തെ പോരിന് കാരണം.
ഉറുദു കലണ്ടര്‍ പുറത്തിറക്കിയ ശിവസേനയുടെ ഹിന്ദുത്വത്തെ ചോദ്യം ചെയ്തായിരുന്നു ബി.ജെ.പി രംഗത്തെത്തിയത്. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ വഡാല ഘടകമാണ് ഉറുദു കലണ്ടര്‍ പുറത്തിറക്കിയത്.
കലണ്ടറില്‍ ബാലസാഹേബ് താക്കറെയെ ജനാബ് ബാലസാഹേബ് എന്ന് സംബോധന ചെയ്തതിനെതിരെയും ബി.ജെ.പി കനത്ത വിമര്‍ശനമാണുന്നയിക്കുന്നത്.
‘ഔറംഗാബാദിനെ സാംബാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതില്‍ ശിവസേന പരാജയപ്പെട്ടിരിക്കുന്നു. താക്കറെയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു അത്. വോട്ടിന് വേണ്ടിയാണ് ഉറുദു കലണ്ടര്‍ പുറത്തിറക്കിയത്. മുസ്‌ലിം ആഘോഷങ്ങളെ മാത്രം വളരെ പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നു. അതില്‍ ഛത്രപതി ശിവജിയെ പരാമര്‍ശിച്ച രീതിയും ശരിയല്ല’, ബി.ജെ.പി എം.എല്‍.എ അതുല്‍ ഭക്തഹാല്‍ക്കര്‍ പറഞ്ഞു.
അതേസമയം ശിവസേനയുടെ ഔദ്യോഗിക കലണ്ടറല്ല ഇപ്പോള്‍ പുറത്തിറക്കിയ ഉറുദു കലണ്ടര്‍ എന്ന് സേന വക്താവ് സുരേഷ് കാല പറഞ്ഞു. വര്‍ഷങ്ങളായി തങ്ങള്‍ കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും സുരേഷ് പറഞ്ഞു.
അന്നൊന്നും യാതൊരു എതിര്‍പ്പും ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇപ്പോഴത്തെ പ്രതികരണം ഞെട്ടിച്ചുവെന്നും സുരേഷ് പറഞ്ഞു.
‘ബി.ജെ.പിയ്ക്ക് മഹാരാഷ്ട്രയിലെ വേരുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ നടത്തിയത് ഒരിക്കലും ഒരു പ്രീണനനയമല്ല. അടുത്തൊന്നും തെരഞ്ഞെടുപ്പ് നടക്കാനില്ല. പച്ച നിറത്തോട് ബി.ജെ.പിയ്ക്ക് ഇത്ര വിരോധമുണ്ടെങ്കില്‍ സ്വന്തം പതാകയില്‍ നിന്ന് ആദ്യം പച്ചനിറം ഒഴിവാക്കൂ’, സുരേഷ് കാല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക