കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പോസ്റ്ററുകള്‍ സ്ഥാപിച്ച് ബി.ജെ.പി. മമത ആദിവാസി വിരുദ്ധയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബംഗാളിലെ ബി.ജെ.പി ഘടകം സംസ്ഥാനത്തുടനീളം പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്.
‘ആദിവാസി ജന്‍- ജാതി സമ്പ്രദായ് കേ വിരോധി മമതാ’ എന്നാണ് പോസ്റ്ററില്‍ ഹിന്ദിയില്‍ എഴുതിയിരിക്കുന്നത്.
ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നര്‍ത്തകര്‍ക്കൊപ്പം മമത നില്‍ക്കുന്നതിന്റെ ചിത്രം പോസ്റ്ററില്‍ കാണാം. നര്‍ത്തകര്‍ ഗ്ലൗസ് ധരിച്ചിരിക്കുന്നതും മമത ഇവരുടെ കൈ കോര്‍ത്ത് പിടിക്കുന്നതുമായ ചിത്രമാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍.ഡി.എയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനൊപ്പം നില്‍ക്കുന്ന ചിത്രവും പോസ്റ്ററിലുണ്ട്. ആദിവാസി- ദളിത് വിഭാഗത്തില്‍ പെട്ടയാളാണ് ദ്രൗപദി മുര്‍മു.
നേരത്തെ ബംഗാളിലെ അലിപുര്‍ദ്വാര്‍ ജില്ലയില്‍ നടന്ന ഒരു പരിപാടിക്കിടെ, ‘ജനജാതീയ’ ഗോത്രവിഭാഗത്തില്‍ പെട്ട നര്‍ത്തകരായ സ്ത്രീകളോട് കയ്യില്‍ ഗ്ലൗസ് ധരിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ബന്ധിച്ചതായി ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. നര്‍ത്തകരുടെ കൈപിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്നതിന് മുന്നോടിയായാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു ആരോപണം.
ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമാണ് എന്‍.ഡി.എയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മു. ജൂലൈ 21നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക.
Content Highlight: BJP puts up posters in West Bengal calling Mamata Banerjee as anti-tribal, ahead of presidential election