| Monday, 25th April 2022, 11:33 pm

പഞ്ചായത്ത് ഓഫീസില്‍ നിന്നും മോദിയുടെ ചിത്രം മാറ്റിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി; എല്ലാ പഞ്ചായത്ത് ഓഫീസുകളിലും മോദിയുടെ ചിത്രം സ്ഥാപിക്കണമെന്നും ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളല്ലൂര്‍ ടൗണ്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കിയതില്‍ പ്രതിഷേധവുമായി ബി.ജെ.പി.

വെള്ളല്ലൂര്‍ ടൗണ്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും, പ്രധാന മന്ത്രിയുടെ ഛായാചിത്രം നീക്കം ചെയ്ത സംഭവത്തില്‍ ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം. തമിഴ്‌നാട്ടിലെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ കളക്ട്രേറ്റില്‍ പ്രകടനവുമായി എത്തി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാചിത്രം പഞ്ചായത്ത് ഓഫീസില്‍ നിന്ന് കൗണ്‍സിലര്‍ നീക്കം ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതിനെതിരെ വെള്ളല്ലൂര്‍ ടൗണ്‍ പഞ്ചായത്ത് ഓഫീസില്‍ പ്രതിഷേധം നടത്തിയ 63 ബി.ജെ.പി പ്രവര്‍ത്തകരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കൗണ്‍സിലറുടെ നടപടിയെ അപലപിച്ച് നടത്തിയ സമരത്തിന് ബി.ജെ.പി തമിഴ്‌നാട് ട്രഷറര്‍ എസ്.ആര്‍ ശേഖര്‍, സൗത്ത് ജില്ലാ പ്രസിഡന്റ് കെ.വസന്തരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മോദിയുടെ ചിത്രം ഉടന്‍ തിരികെ സ്ഥാപിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

ഛായാചിത്രം നീക്കം ചെയ്തതിന് കൗണ്‍സിലര്‍ കനകരാജിനും മറ്റൊരു ഡി.എം.കെ പ്രവര്‍ത്തകനുമെതിരെ കേസെടുക്കണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ജില്ലയിലെ എല്ലാ ടൗണ്‍ പഞ്ചായത്ത് ഓഫീസുകളിലും മോദിയുടെ ചിത്രം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുകയോ, പാര്‍ട്ടി പ്രവര്‍ത്തകരെ അനുവദിക്കുകയോ ചെയ്യണമെന്ന് കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ബി.ജെ.പി പറഞ്ഞു.

CONTENT HIGHLIGHT: BJP protests against removal of Modi’s picture from panchayat office

We use cookies to give you the best possible experience. Learn more