ശബരിമലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കാന്‍ ഒരുങ്ങി ബി.ജെ.പി; നിലയ്ക്കലില്‍ ഇന്ന് നിരോധനാജ്ഞ ലംഘിക്കും
Sabarimala women entry
ശബരിമലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കാന്‍ ഒരുങ്ങി ബി.ജെ.പി; നിലയ്ക്കലില്‍ ഇന്ന് നിരോധനാജ്ഞ ലംഘിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th November 2018, 11:38 am

നിലയ്ക്കല്‍: ശബരിമല വിഷയം വീണ്ടും സജീവമാക്കി നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമം. ഇതിന്റെ ഭാഗമായി നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താനാണ് നീക്കം. ബി.ജെ.പിയുടെ നേതൃത്വത്തില്‍ അല്‍പസമയത്തിനകം നിലയ്ക്കലേക്ക് പ്രകടനം നടത്തുന്നുണ്ട്.

ഇതിനൊപ്പം ജില്ലാ കേന്ദ്രങ്ങളില്‍ കൂടുതല്‍ സമരങ്ങള്‍ക്കും ബി.ജെ.പി തയ്യാറെടുക്കുന്നുണ്ട്. കേരളത്തില്‍ പൊലീസ് രാജാണെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിനുള്ള ആഹ്വാനം.

കഴിഞ്ഞ ദിവസം സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 82 പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നടയടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സന്നിധാനത്തെ അപ്രതീക്ഷിത പ്രതിഷേധം. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളില്‍ കടന്നും നാമം വിളിച്ച 82 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ഞാന്‍ സംഘിയല്ല, പക്ഷെ എന്ന് പറയുന്നവരോട് രജ്ഞിത്ത് ആന്റണിക്ക് പറയാനുള്ളത്

വാവര് നടയുടെ സമീപത്തായാണ് രണ്ടുസംഘമായി പ്രതിഷേധം നടത്തിയത്. ഇത് നിരോധനാജ്ഞാ ലംഘനമാണെന്ന നിയമപ്രകാരമുള്ള അറിയിപ്പ് പോലീസ് ലൗഡ് സ്പീക്കര്‍ വഴി പ്രതിഷേധക്കാരെ അറിയിച്ചു. ആദ്യമായാണ് പോലീസ് ഇത്തരമൊരു അറിയിപ്പ് നല്‍കുന്നത്. സ്ഥലത്ത് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റും ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ അറസ്റ്റിന് വഴങ്ങി. പിന്നീട് ഇവരെ മണിയാര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു.

ബി.ജെ.പി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ബി.ജെ.പി സര്‍ക്കുലര്‍ പ്രകാരം 24 തിയ്യതി രാത്രി ശബരിമലയില്‍ സംഘടിക്കേണ്ടത് കോട്ടയം പൊന്‍ കുന്നം” ജില്ലക്കാരായിരുന്നു. (ആര്‍.എസ്.എസ് ജില്ല). ബി.ജെ.പി കോട്ടയം ജില്ലാ ട്രഷറര്‍ കൂടിയായ കെ.ജി കണ്ണനായിരുന്നു ചുമതല ഉണ്ടായിരുന്നത്.

കണ്ണന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ 82 അംഗ ആര്‍.എസ്.എസ് സംഘത്തെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു നീക്കിയത്. വാവരു നടക്ക് സമീപം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച് ക്ഷേത്രത്തിനുള്ളിലെ നിലവിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്.