തിരുവനന്തപുരം: കോര്‍പറേഷനിലെ ഒമ്പത് ബി.ജെ.പി വനിതാ കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് രാപ്പകല്‍ സമരം ചെയ്ത ബി.ജെ.പി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു നീക്കി. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയിലാണ് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
വെള്ളിയാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി-സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ച ബി.ജെ.പി കൗണ്‍സിലര്‍മാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ഒമ്പത് ബി.ജെ.പി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ ഹാളില്‍ 24 മണിക്കൂര്‍ ഉപവാസം നടത്താനും രാപ്പകല്‍ സമരം നടത്താനും ബി.ജെ.പി തീരുമാനിക്കുകയായിരുന്നു.
കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തില്‍ നഗരസഭ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരെപിച്ചാണ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ രാപ്പകല്‍ സമരം നടത്തിയത്.
എന്നാല്‍, കൗണ്‍സില്‍ യോഗം നടത്താന്‍ അനുവദിക്കാത്ത സാഹചര്യം വന്നത് കൊണ്ടാണ് കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്തതെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ ഒപ്പിട്ട് പോകുന്നത് ശരിയായ പ്രവണതയല്ല. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനിലിന്റെ പരാമര്‍ശത്തില്‍ സത്യാവസ്ഥ അറിയട്ടെയെന്നും നിയമപരമായി നേരിടട്ടെയെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഴിമതിക്കാരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവ് വി.വി. രാജേഷ് പറഞ്ഞു.
വളരെ സമാധാനപരമായാണ് സമരം നടത്തിയത്. എന്നാല്‍ പൊലീസ് ഗുണ്ടകളെപ്പോലെ പെരുമാറുകയാണ്. വളരെ സൗമ്യരായി നിന്നുകൊണ്ട് സ്ത്രീകളടക്കമുള്ളവരെ മുട്ടുകൊണ്ട് വയറ്റില്‍ ഇടിക്കുന്നു. ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാരെയാണ് രാത്രിയില്‍ ഇറക്കുന്നതെന്നും രാജേഷ് പറഞ്ഞു.